ടീം പുറത്താക്കുന്നതിന് മുമ്പ്, ഫോമിന്‍റെ പാരമ്യത്തില്‍ നില്‍ക്കേ വിരമിക്കണം എന്നായിരുന്നു വിരാട് കോലിക്ക് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദിയുടെ ഉപദേശം

ദില്ലി: ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലിക്ക് വിരമിക്കല്‍ ഉപദേശം നല്‍കിയ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ലെഗ് സ്‌പിന്നര്‍ അമിത് മിശ്ര. ചിലയാളുകള്‍ ഒരിക്കല്‍ മാത്രമേ വിരമിക്കൂ, വിരാട് കോലിയെ അതിനാല്‍ വെറുതെ വിടൂ എന്നായിരുന്നു അമിത് മിശ്രയുടെ ട്വീറ്റ്. പലകുറി വിരമിക്കല്‍ പ്രഖ്യാപിച്ച ഷാഹിദ് അഫ്രീദിയെ കടന്നാക്രമിച്ചായിരുന്നു കുറിക്കുകൊള്ളുന്ന മറുപടിയിലൂടെ മിശ്ര. 

ടീം പുറത്താക്കുന്നതിന് മുമ്പ്, ഫോമിന്‍റെ പാരമ്യത്തില്‍ നില്‍ക്കേ വിരമിക്കണം എന്നായിരുന്നു വിരാട് കോലിക്ക് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദിയുടെ ഉപദേശം. കോലി ഇങ്ങനെയാവും വിരമിക്കുക എന്നാണ് തോന്നുന്നത്. ഫോമിന്‍റെ പാരമ്യത്തില്‍ നില്‍ക്കേ ചുരുക്കം ഏഷ്യന്‍ താരങ്ങളെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുള്ളൂ എന്നും അഫ്രീദി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ എപ്പോള്‍, എങ്ങനെ വിരമിക്കണം എന്ന് കോലിയെ പലകുറി പാക് കുപ്പായത്തില്‍ നിന്ന് വിരമിച്ച ചരിത്രമുള്ള അഫ്രീദി ഉപദേശിച്ചത് അമിത് മിശ്രയ്ക്ക് ഒട്ടും പിടിച്ചില്ല. 

Scroll to load tweet…

സെഞ്ചുറി കണ്ടെത്താന്‍ ആയിരത്തിലേറെ ദിവസമായി കഴിയാത്തതിന്‍റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ട വിരാട് കോലി ഏഷ്യാ കപ്പിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ രണ്ട് അര്‍ധ സെഞ്ചുറികളുമായി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിത്തുടങ്ങിയ കോലി അവസാന സൂപ്പർ ഫോർ മത്സരത്തില്‍ അഫ്ഗാനെതിരെ ശതകം കണ്ടെത്തുകയായിരുന്നു. അഫ്ഗാനെതിരെ വിരാട് കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122 റണ്‍സെടുത്തു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകമാണിത്. കൂടാതെ കോലിയുടെ രാജ്യാന്തര കരിയറിലെ 71-ാം സെഞ്ചുറിയും ആദ്യ ടി20 ശതകവുമാണിത്. 

ഏഷ്യാ കപ്പില്‍ 92 ശരാശരിയിലും 147.59 സ്ട്രൈക്ക് റേറ്റിലും കോലി 276 റണ്‍സ് നേടി ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരനായി മാറിയിരുന്നു. 

ബുമ്രയുടെ ഫിറ്റ്‌നസില്‍ ആര്‍ക്കും സംശയം വേണ്ടാ; എതിരാളികള്‍ കരുതിയിരുന്നോ- വീഡിയോ