കൊല്‍ക്കത്ത: ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കളിക്കാരനാണ് എം എസ് ധോണി. വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി നല്‍കുന്ന ഉപദേശങ്ങള്‍ ഇരുവരെയും കൂടുതല്‍ അപകടകാരികളാക്കുന്നത് ആരാധകര്‍ പലതവണ കണ്ടിട്ടുമുണ്ട്. എന്നാല്‍ തന്ത്രങ്ങള്‍ ഉപദേശിക്കുമ്പോള്‍ ധോണിക്കും പലപ്പോഴും തെറ്റു പറ്റാറുണ്ടെന്ന് തുറന്നു പറയുകയാണ് ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് പുരസ്കാരദാനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു കുല്‍ദീപിന്റെ തുറന്നു പറച്ചില്‍.

നിരവധി തവണ ധോണി ഉപദേശിച്ച തന്ത്രങ്ങള്‍ പാളിയിട്ടുണ്ട്. പക്ഷെ നമുക്കത് അദ്ദേഹത്തോട് നേരിട്ട് പറയാനോ ചോദ്യം ചെയ്യാനോ ആവില്ല. ബൗള്‍ ചെയ്യുമ്പോള്‍ അധികമൊന്നും സംസാരിക്കുന്ന ആളല്ല ധോണി. ഓവറുകള്‍ക്കിടയിലാണ് അദ്ദേഹം അധികം സംസാരിക്കാറുള്ളത്. അതും ആവശ്യമെങ്കില്‍ മാത്രം. അദ്ദഹത്തിനും നിരവധി തവണ തെറ്റു പറ്റിയിട്ടുണ്ട്. എന്തായാലും  ധോണിയും മനുഷ്യനാണല്ലോ-കുല്‍ദീപ് പറഞ്ഞു.

ഏകദിനങ്ങളില്‍ സമീപകാലത്ത് ഇന്ത്യ നടത്തിയ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചത് മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്ന കുല്‍ദീപിന്റെയും ചാഹലിന്റെയും ബൗളിംഗ് പ്രകടനങ്ങളായിരുന്നു.