വെല്ലിംഗ്‌ടണ്‍: അന്താരാഷ്‌ട്ര ടി20യില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന നേട്ടം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ നാലാം ടി20യിലാണ് സോഫി നേട്ടത്തിലെത്തിയത്. മുന്‍പ് നാല് ഫിഫ്റ്റി നേടിയിട്ടുള്ള മിതാലി രാജ്, ക്രിസ് ഗെയ്‌ല്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ റെക്കോര്‍ഡാണ് ന്യൂസിലന്‍ഡ് താരം മറികടന്നത്. 

അന്താരാഷ്‌ട്ര ടി20യില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ന്യൂസിലന്‍ഡ് വനിതാ താരമെന്ന നേട്ടത്തിലുമെത്തി മത്സരത്തില്‍ സോഫി ഡിവൈന്‍. 65 പന്തില്‍ മൂന്ന് സിക്‌സുകളും 12 ബൗണ്ടറികളും സഹിതം സോഫി 105 റണ്‍സെടുത്തു. 

സോഫി ഡിവൈന്‍റെ കരുത്തില്‍ മത്സരം ന്യൂസിലന്‍ഡ് അനായാസം വിജയിച്ചു. 69 റണ്‍സിനാണ് കിവീസ് വനിതകള്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 171 റണ്‍സെടുത്തു. സോഫിക്ക് പുറമെ 47 റണ്‍സെടുത്ത സൂസി ബേറ്റ്‌സും ന്യൂസിലന്‍ഡിനായി തിളങ്ങി. മറുപടി ബാറ്റിംഗില്‍ പ്രോട്ടീസിന് 19 ഓവറില്‍ 102 റണ്‍സെടുക്കാനേയായുള്ളൂ. അന്ന പീറ്റേര്‍സണ്‍ മൂന്നും ജെസ് കെര്‍ രണ്ടും വിക്കറ്റും നേടിയപ്പോള്‍ സോഫി ഡിവൈനും ഒരു താരത്തെ പുറത്താക്കി. 

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1ന്‍റെ ലീഡ് നേടി ആതിഥേയര്‍. പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 13ന് നടക്കും.