വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ട് ന്യൂസിലന്‍ഡ് പുറത്തായി. ക്യാപ്റ്റന്‍ സോഫി ഡിവൈന്റെ അവസാന മത്സരമായിരുന്നു ഇത്.

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിലും ന്യൂസിലന്‍ഡിന് തോല്‍വി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് പരാജയപ്പെട്ടത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 38.2 ഓവറില്‍ 168ന് എല്ലാവരും പുറത്തായി. 43 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മറാണ് ടോപ് സ്‌കോറര്‍. തന്റെ അവസാന മത്സരത്തിന് ഇറങ്ങിയ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 23 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ലിന്‍സേ സ്മിത്ത് മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 29.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പുറത്താകാതെ 86 റണ്‍സെടുത്ത എമി ജോണ്‍സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാമതായി. ന്യൂസിലന്‍ഡ് ആറാം സ്ഥാനത്താണ് അവസാനിപ്പിച്ചത്.

ചെറിയ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ എമി ജോണ്‍സ് - താമി ബ്യൂമോണ്ട് (40) സഖ്യം 75 റണ്‍സ് ചേര്‍ത്തു. 15-ാം ഓവറില്‍ ബ്യൂമോണ്ട് പുറത്തായി. ലിയ തഹുഹുവിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ഹീതര്‍ നൈറ്റ് - ജോണ്‍സ് സഖ്യം 88 റണ്‍സും കൂട്ടിചേര്‍ത്തു. വിജയത്തിനരികെ നൈറ്റ് വീണെങ്കിലും ഇംഗ്ലണ്ട് അനായാസം ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ മറികടന്നു. ഡാനിയേല വ്യാട്ട് (2) പുറത്താവാതെ നിന്നു. 92 പന്തുകള്‍ നേരിട്ട എമി ഒരു സിക്‌സും 11 ഫോറും നേടി. ഡിവൈന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ന്യൂസിലന്‍ഡ് നിരയില്‍ പ്ലിമ്മറിന് പുറമെ അമേലിയ കേര്‍ മാത്രമാണ് (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. സൂസി ബേറ്റ്‌സ് (10), സോഫി ഡിവൈന്‍ (23), ബ്രൂക്ക് ഹാളിഡേ (4), മാഡി ഗ്രീന്‍ (18), ഇസബെല്ല് ഗേസ് (14), ജെസ് കേര്‍ (10), റോസ്‌മേരി മെയര്‍ (0), ലിയ തഹുഹു (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇംഗ്ലണ്ടിന് വേണ്ടി സ്മിത്തിന് പുറമെ നതാലി സ്‌കിവര്‍ ബ്രന്റ്, ആലിസ് കാപ്‌സി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

YouTube video player