സൗരവ് ഗാംഗുലിയുടെ ജന്‍മദിന വീഡിയോയില്‍ ചെറിയൊരു അമളി പറ്റി, തെറ്റ് ചൂണ്ടിക്കാണിച്ച് ഇര്‍ഫാന്‍ പത്താന്‍  

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ കൊല്‍ക്കത്തന്‍ പ്രിന്‍സ് സൗരവ് ഗാംഗുലിയുടെ അമ്പത്തിയൊന്നാം പിറന്നാളാണ് ഇന്ന്. ടീം ഇന്ത്യയുടെ തലവര മാറ്റിയ ഇതിഹാസ നായകനായ ഗാംഗുലിയുടെ ജന്‍മദിനം കൊണ്ടാടുകയാണ് ആരാധകര്‍. ആരാധകരുടെ സ്നേഹവായ്‌പുകള്‍ക്ക് നന്ദി പറഞ്ഞുള്ള ഗാംഗുലിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എന്നാല്‍ ഇതിലെ വലിയൊരു പിഴവ് കണ്ടെത്തിയിരിക്കുകയാണ് മുന്‍ സഹതാരം ഇര്‍ഫാന്‍ പത്താന്‍. തന്‍റെ ഐതിഹാസികമായ ക്രിക്കറ്റ് കരിയറിലെ ശ്രദ്ധേയമായ വിവിധ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചുള്ള വീഡിയോ ദാദ ട്വീറ്റ് ചെയ്‌തപ്പോള്‍ അതിലെ ഒരു ഫോട്ടോ മാറിപ്പോവുകയായിരുന്നു. 

സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്‌ത വീഡിയോയിലുള്ള ചിത്രങ്ങളിലൊന്ന് ഇര്‍ഫാന്‍ പത്താന്‍റേത് ആയിരുന്നു. ഇക്കാര്യമാണ് ദാദയുടെ ട്വീറ്റിന് മറുപടിയായി പത്താന്‍ ചൂണ്ടിക്കാണിച്ചത്. 'താങ്കളെ കുഴപ്പിക്കുന്ന തരത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ നമ്മള്‍ ഒരുപോലെയാണെന്ന് എനിക്ക് ഒരിക്കലും അറിയുമായിരുന്നില്ല. എന്നിരുന്നാലും ഇതൊരു വലിയ പ്രശംസയായി സ്വീകരിക്കുന്നു' എന്നായിരുന്നു ഇര്‍ഫാന്‍ പത്താന്‍റെ പ്രതികരണം. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ 2003 ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഇര്‍ഫാന്‍ പത്താന്‍. പത്താന്‍ തെറ്റ് ചൂണ്ടിക്കാണിച്ചെങ്കിലും ഗാംഗുലിയുടെ ഐതിഹാസികമായ കരിയറിലൂടെയുള്ള മനോഹര യാത്രയായി ആരാധകര്‍ക്ക് ഈ വീഡിയോ. 

Scroll to load tweet…

1992ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനം കളിച്ചാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് സൗരവ് ഗാംഗുലി കടന്നുവന്നത്. 1996ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ സെഞ്ചുറിയുമായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് ദാദ വരവറിയിച്ചു. ഏകദിനത്തില്‍ ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഗാംഗുലി 50 ഓവര്‍ ഫോര്‍മാറ്റില്‍ 311 മത്സരങ്ങളില്‍ 22 സെഞ്ചുറികളും 41.02 ശരാശരിയുമായി 11363 റണ്‍സും ടെസ്റ്റില്‍ 113 മത്സരങ്ങളില്‍ 16 ശതകങ്ങളും 42.17 ശരാശരിയുമായി 7212 റണ്‍സും പേരിലാക്കി. ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം ഗാംഗുലി ചേര്‍ത്ത 8227 റണ്‍സ് റെക്കോര്‍ഡാണ്. ഐപിഎല്ലില്‍ 59 കളിയില്‍ 1349 റണ്‍സും ഗാംഗുലിക്കുണ്ട്. 

2000ലെ വാതുവയ്‌പ് വിവാദത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഉയര്‍ത്തെഴുന്നേല്‍പിന് കാരണക്കാരനായ ക്യാപ്റ്റനായാണ് സൗരവ് ഗാംഗുലി അറിയപ്പെടുന്നത്. 2000ല്‍ ചാമ്പ്യന്‍സ് ട്രോഫിയുടെയും 2003ല്‍ ഏകദിന ലോകകപ്പിന്‍റേയും ഫൈനലില്‍ ദാദപ്പട ഇടംപിടിച്ചു. 2012ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം 2019-2022 കാലത്ത് ബിസിസിഐയുടെ തലവനായി ഗാംഗുലി പ്രവര്‍ത്തിച്ചു. 

Read more: ഏഷ്യന്‍ ഗെയിംസ്: കപ്പെടുക്കാന്‍ യുവതാരങ്ങള്‍ ധാരാളം, പങ്കെടുക്കാത്ത സീനിയര്‍ താരങ്ങളുടെ പട്ടികയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News