ഏഷ്യാഡില്‍ ക്രിക്കറ്റ് മത്സരയിനമായ 2010ലും 2014ലും ഇന്ത്യ പുരുഷ, വനിതാ ടീമുകളെ അയച്ചിരുന്നില്ല

മുംബൈ: ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റില്‍ പുരുഷ ടീമിനെ അയക്കാന്‍ ചരിത്ര തീരുമാനം കൈക്കൊണ്ട ബിസിസിഐയുടെ നിര്‍ണായക തീരുമാനങ്ങള്‍. ലോകകപ്പ് പദ്ധതികളിലുള്ള സീനിയര്‍ താരങ്ങളെയാരെയും ഏഷ്യന്‍ ഗെയിംസിന് അയക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ലോകകപ്പും ഏഷ്യന്‍ ഗെയിംസും ഏതാണ്ട് ഒരേസമയത്ത് വരുന്നതിലാണിത്. ആദ്യമായാണ് ബിസിസിഐ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കുന്നത്. ഏഷ്യാഡില്‍ ക്രിക്കറ്റ് മത്സരയിനമായ 2010ലും 2014ലും ഇന്ത്യ ടീമുകളെ അയച്ചിരുന്നില്ല. 

ഏകദിന ടീമിലെ സ്ഥിര സാന്നിധ്യങ്ങളായ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, സൂപ്പര്‍ ബാറ്റര്‍ വിരാട് കോലി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍, പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങള്‍ ഇതോടെ ഏഷ്യാഡിന് പോകില്ല. ചൈനയിലെ ഹാങ്ഝൗവില്‍ സെപ്റ്റംബര്‍ അവസാനമാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 5 മുതലാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ 8ന് ഓസ്‌ട്രേലിയക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 

ഏകദിന ലോകകപ്പിന് 15 അംഗ സ്‌ക്വാഡിന് പുറമെ മൂന്ന് റിസര്‍വ് താരങ്ങളെയും പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ 18 താരങ്ങളെയും ഏഷ്യന്‍ ഗെയിംസിന് അയക്കാനാവില്ല. ഏഷ്യന്‍ ഗെയിംസിന് വെറ്ററന്‍ ശിഖര്‍ ധവാന്‍റെ ക്യാപ്റ്റന്‍സിയിലുള്ള ടീമിനെയാണ് അയക്കുക എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഐപിഎല്ലില്‍ തിളങ്ങിയ റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ, മുകേഷ് കുമാര്‍ തുടങ്ങിയ താരങ്ങളെ ഏഷ്യാഡിന് ഉള്‍പ്പെടുത്താനിടയുണ്ട്. അതേസമയം റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ലോകകപ്പ് സ്‌ക്വാഡില്‍ ബാക്ക് ഓപ്പണര്‍മാരായി വരാനാണ് സാധ്യത. ലോകകപ്പ് ടീമിലില്ലെങ്കില്‍ ഇവര്‍ ഉറപ്പായും ഏഷ്യന്‍ ഗെയിംസിനുണ്ടാകും. അതേസമയം വനിതകളില്‍ പ്രധാന ടീമിനെ തന്നെയാണ് ഗെയിംസിന് അയക്കുക.

Read more: ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ ഏകദിന പരമ്പര ഉപേക്ഷിച്ചിട്ടില്ല; സമയം പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News