മുംബൈ: സൗരാഷ്‌ട്ര ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് രഞ്ജി ട്രോഫി ഫൈനല്‍ കളിക്കാനുള്ള അനുമതി നിഷേധിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പര പരിഗണിച്ചാണ് ഗാംഗുലിയുടെ നടപടി. മാര്‍ച്ച് ഒന്‍പത് മുതല്‍ 13 വരെയാണ് രഞ്ജി ട്രോഫി ഫൈനല്‍. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പര മാര്‍ച്ച് 12ന് തുടങ്ങും. 

രാജ്യാന്തര മത്സരങ്ങള്‍ക്കാണ് പ്രധാന്യമെന്നും രഞ്ജി ഫൈനലില്‍ കളിക്കാന്‍ ജഡേജയെ അനുവദിക്കില്ല എന്നും ഗാംഗുലി വ്യക്തമാക്കിയതായി സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയ്‌ദേവ് ഷായെ ഉദ്ധരിച്ച് ദ് ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രഞ്ജി ട്രോഫി ഫൈനല്‍ പോലുള്ള നിര്‍ണായക ആഭ്യന്തര മത്സരങ്ങള്‍ നടക്കുമ്പോള്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കരുതെന്ന് ഷാ ആവശ്യപ്പെട്ടു. ഐപിഎല്ലിന്‍റെ സമയത്ത് ബിസിസിഐ രാജ്യന്തര പരമ്പരക്ക് തയ്യാറാകുമോ എന്ന് അദേഹം ചോദിച്ചു. 

രഞ്ജി ഫൈനലില്‍ ജഡേജ കളിക്കുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്നു. ബംഗാളിനായി മുഹമ്മദ് ഷമി കളിക്കുന്നത് കാണാനും കൊതിച്ചിരുന്നുവെന്ന് ജയ്‌ദേവ് ഷാ വ്യക്തമാക്കി. ഫൈനലിലെങ്കിലും സൂപ്പര്‍ താരങ്ങള്‍ കളിച്ചാല്‍ മാത്രമേ രഞ്ജി ട്രോഫി കൂടുതല്‍ ജനകീയമാകൂ എന്നും അദേഹം വ്യക്തമാക്കി. അതേസമയം ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ എന്നിവര്‍ കലാശപ്പോരിനുണ്ടാകും. 

പൂജാര കളിക്കുന്നതിന്‍റെ സന്തോഷം സൗരാഷ്‌ട്ര ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്കട്ട് പങ്കുവെച്ചു. 'പൂജാര ന്യൂസിലന്‍ഡില്‍ ആയിരിക്കുമ്പോഴും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പൂജാര ടീമിലുള്ളപ്പോള്‍ ബാറ്റിംഗ് നിര വേറിട്ട പ്രകടനം പുറത്തെടുക്കും' എന്നും ഉനദ്കട്ട് പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നാലാം ഫൈനലിനാണ് സൗരാഷ്‌ട്ര ഒരുങ്ങുന്നത്. 13 വര്‍ഷത്തിനിടയിലെ ആദ്യ കിരീടമാണ് ബംഗാളിന്‍റെ ലക്ഷ്യം.