ബിസിസിഐ അധ്യക്ഷ പദവിയില്‍ ഓരോ ദിവസം കഴിയും തോറും ഗാംഗുലി പരാജയമാവുകയാണ്. ക്രിക്കറ്റിന്റെ മെക്കയിലെ യുദ്ധപ്രഖ്യാപനം മുതലിങ്ങോട്ട് ഇന്ത്യന്‍ ആരാധകരുടെ ഒരേയൊരു ദാദ.
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായി (Virat Kohli) ബന്ധപ്പെട്ട പുതിയ വിവാദത്തില്‍ മുഖം നഷ്ടമായത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കാണ് (Sourav Ganguly). ബിസിസിഐ അധ്യക്ഷ പദവിയില്‍ ഓരോ ദിവസം കഴിയും തോറും ഗാംഗുലി പരാജയമാവുകയാണ്. ക്രിക്കറ്റിന്റെ മെക്കയിലെ യുദ്ധപ്രഖ്യാപനം മുതലിങ്ങോട്ട് ഇന്ത്യന്‍ ആരാധകരുടെ ഒരേയൊരു ദാദ.
ബിസിസിഐ (BCCI) തലപ്പത്ത് സൗരവ്ഗാംഗുലി എത്തിയപ്പോള്‍, കളിക്കാര്‍ക്കും ആരാധകര്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള തീരുമാനങ്ങളുണ്ടാകുമെന്നായി പ്രതീക്ഷ. തുടക്കം നന്നായെങ്കിലും ബിസിസിഐയില്‍ ഗാംഗുലിയുടെ നിയന്ത്രണം വളരെ വേഗം നഷ്ടമാകുന്നതാണ് പിന്നീട് കണ്ടത്. ജെയ് ഷാ തീരുമാനിക്കുന്നു, ഗാംഗുലി തലകുലുക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ഐസിസിയിലെ ഇന്ത്യന്‍ പ്രതിനിധിയായി ജെയ് ഷാ കരുത്ത് കൂട്ടുമ്പോള്‍ ബിസിസിഐ സെക്രട്ടറിയെ പ്രകീര്‍ത്തിച്ച് ട്വീറ്റുകള്‍ ചെയ്യുന്ന രണ്ടാമന്റെ റോളിലാണ് ഗാംഗുലി ഇന്ന്. കൊവിഡ് ഭീതി കാരണം ഉപേക്ഷിച്ച ഇംഗ്ലണ്ടിലെ അവസാന ടെസ്റ്റിനെ കുറിച്ച് ഒരു മണിക്കൂറില്‍ രണ്ട് വ്യത്യസ്ത അഭിപ്രായം പറഞ്ഞത്, ഗാംഗുലിയല്ല അധികാരകേന്ദ്രമെന്ന് വ്യക്തമാക്കുന്നതായി.
ബിസിസിഐ പ്രസിഡന്റ് നുണയനെന്ന് ഇന്ത്യന്‍ നായകന്‍ തന്നെ തുറന്നടിക്കുമ്പോള്‍ കൃത്യമായ വിശദീകരണം പോലും ഗാംഗുലിക്കില്ല.
