കൊല്‍ക്കത്ത: ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും പ്രധാനമന്ത്രിമാരുടെ അനുമതിയോട് കൂടി മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര സാധ്യമാകൂ എന്ന് നിയുക്ത ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര പുനരാരംഭിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കൊല്‍ക്കത്തയില്‍ സൗരവ് ഗാംഗുലിയുടെ മറുപടി. 

'ഇക്കാര്യം നരേന്ദ്ര മോദിയോടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോടും(ഇമ്രാന്‍ ഖാന്‍) ചോദിക്കണം. അവരുടെ അനുമതിയോട് കൂടിയേ പരമ്പരയെ കുറിച്ച് ചിന്തിക്കാനാകൂ. സര്‍ക്കാരിന്‍റെ അനുമതിയോട് കൂടിയാണ് വിദേശപര്യടനങ്ങള്‍ നടക്കാറുള്ളത്. അതിനാല്‍ ഈ ചോദ്യത്തിന് എനിക്ക് ഉത്തരം നല്‍കാനാവില്ല' എന്നും ഗാംഗുലി വ്യക്തമാക്കി. ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടത്താന്‍ ഐസിസി ശ്രമം നടത്തുന്നതിനിടെയാണ് ദാദയുടെ പ്രതികരണം. 

കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായി 2004ല്‍ ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ പര്യടനം നടത്തിയപ്പോള്‍ നായകന്‍ സൗരവ് ഗാംഗുലിയായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ 2012ലാണ് അവസാന പരമ്പര നടന്നത്. ഇന്ത്യ വേദിയായ പരമ്പരയില്‍ രണ്ട് ടി20കളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലാണ് അവസാനമായി ഇരു രാജ്യങ്ങളും മൈതാനത്ത് ഏറ്റുമുട്ടിയത്.  

ഈ വര്‍ഷം ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള  നയതന്ത്രബന്ധം വഷളായത്. ഇതോടെ ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നു. ഇന്ത്യ മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്ന് അന്ന് വാദിച്ചയാളാണ് സൗരവ് ഗാംഗുലി. 

ലോകകപ്പിലെ മത്സരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയും ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ടും ഐസിസിക്ക് ബിസിസിഐയുടെ ഇടക്കാലഭരണ സമിതി കത്തയച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുന്നത് ഇന്ത്യ വേദിയാവുന്ന ഭാവി ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തി നീലപ്പട മാഞ്ചസ്റ്ററില്‍ പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുകയായിരുന്നു.