ലോകകപ്പ് ടീമില്‍ നിന്ന് അവസാന നിമിഷമാണ് ഋഷഭ് പന്തിന്റെ പേര് വഴുതിപ്പോയത്. താരം ഇംഗ്ലണ്ടിലേക്കുള്ള വിമാനത്തില്‍ ടിക്കറ്റ് ഉറപ്പിക്കുമെന്ന് ചിലരെങ്കിലും ഉറപ്പിച്ചിരുന്നു. പരിചയ സമ്പത്തിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ പന്തിനെ മറികടന്ന് ദിനേശ് കാര്‍ത്തിക് ടീമില്‍ ഇടം നേടി.

ദില്ലി: ലോകകപ്പ് ടീമില്‍ നിന്ന് അവസാന നിമിഷമാണ് ഋഷഭ് പന്തിന്റെ പേര് വഴുതിപ്പോയത്. താരം ഇംഗ്ലണ്ടിലേക്കുള്ള വിമാനത്തില്‍ ടിക്കറ്റ് ഉറപ്പിക്കുമെന്ന് ചിലരെങ്കിലും ഉറപ്പിച്ചിരുന്നു. പരിചയ സമ്പത്തിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ പന്തിനെ മറികടന്ന് ദിനേശ് കാര്‍ത്തിക് ടീമില്‍ ഇടം നേടി. എന്നാല്‍ ഇതിനെ കുറിച്ചോര്‍ത്ത് നിരാശപ്പെടേണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. 

ഇപ്പോള്‍ ഡല്‍ഹിയുടെ കോച്ചിങ് സ്റ്റാഫില്‍ അംഗമായ ഗാംഗുലി തുടര്‍ന്നു... ദേശീയ ജേഴ്‌സിയില്‍ 15 വര്‍ഷമെങ്കിലും ഋഷഭ് പന്തിന് കളിക്കാന്‍ സാധിക്കും. ഒരുപാട് ലോകകപ്പുകള്‍ വരുന്നുണ്ട്. ധോണിക്കും ദിനേശ് കാര്‍ത്തികിനും ഇനി ഒരുപാട് ക്രിക്കറ്റൊന്നും ബാക്കിയില്ല. പന്തിന് വിശാലമായ ഭാവിയുണ്ട്. അതുക്കൊണ്ട് തന്നെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ലന്നുള്ളത് വലിയ പ്രശ്‌നമായെടുക്കണ്ട. ഇതൊരിക്കലും പന്തിന്റെ കരിയര്‍ അവസാനമല്ലെന്നും ഗാംഗുലി. 

ഇന്ത്യയുടെ ലോകകപ്പ് ടീം മികച്ചതാണ്. പന്തിന് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും ഗാംഗുലി പറഞ്ഞു.