Asianet News MalayalamAsianet News Malayalam

ഋഷഭ് പന്ത് മഹാനായ കളിക്കാരനാവുമെന്ന് ഗാംഗുലി

ധോണി കരിയര്‍ തുടങ്ങിയപ്പോള്‍ ഇപ്പോള്‍ കാണുന്ന ധോണിയായിരുന്നില്ലല്ലോ. 15 വര്‍ഷത്തോളം കളിച്ചാണ് ധോണി ഇന്ന് കാണുന്ന ധോണിയായത്. അതുപോലെ ഋഷഭ് പന്തും ഒരു 15 വര്‍ഷം കഴിയുമ്പോള്‍ മഹാനായ താരമായി മാറിയിട്ടുണ്ടാവും.

Sourav Ganguly on Rishabh Pant criticism
Author
Kolkata, First Published Dec 6, 2019, 1:59 PM IST

മുംബൈ: ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിന്നാലെ യുവതാരം ഋഷഭ് പന്തിന് പിന്തുണയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും. ഋഷഭ് മികച്ച കളിക്കാരന്‍ തന്നെയാണെന്നും അയാള്‍ മഹാനായ കളിക്കാരനായി മാറുമെന്നും ഗാംഗുലി ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് പറഞ്ഞു. നിലവില്‍ ഋഷഭ് പന്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ നല്ലതാണെന്നും ഗാംഗുലി പറഞ്ഞു.

കേട്ട് കേട്ട് ഈ വിമര്‍ശനങ്ങളൊന്നും പന്തിന് പുതുമയല്ലാതാവും. സമ്മര്‍ദ്ദത്തെ അതിജീവിക്കാനും ഋഷഭ് പന്തിനാവും. കഴിഞ്ഞ വര്‍ഷം ഐപിഎല്ലിലും ഇതു കണ്ടതാണ്. കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഋഷഭ് പന്തിനെ അയാളുടെ സ്വാഭാവിക കളി എന്താണോ അത് കളിക്കാന്‍ വിടുമായിരുന്നു. അയാളുടെ പ്രശ്നങ്ങള്‍ കേട്ട് വിജയിക്കാനുള്ള വഴി പറഞ്ഞു കൊടുക്കുമായിരുന്നു. എല്ലാവരും ഓര്‍ക്കേണ്ട ഒരു കാര്യം എല്ലാ ദിവസവും ഓരോ ധോണിമാരുണ്ടാവുന്നില്ല. ധോണി ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്.

ധോണി കരിയര്‍ തുടങ്ങിയപ്പോള്‍ ഇപ്പോള്‍ കാണുന്ന ധോണിയായിരുന്നില്ലല്ലോ. 15 വര്‍ഷത്തോളം കളിച്ചാണ് ധോണി ഇന്ന് കാണുന്ന ധോണിയായത്. അതുപോലെ ഋഷഭ് പന്തും ഒരു 15 വര്‍ഷം കഴിയുമ്പോള്‍ മഹാനായ താരമായി മാറിയിട്ടുണ്ടാവും. തന്റെ രണ്ടാം സീസണില്‍ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറി അടിച്ച കളിക്കാരനാണ് ഋഷഭ് പന്ത്. അധികം വിക്കറ്റ് കീപ്പര്‍മാരൊന്നും ഈ നേട്ടം കൈവരിച്ചിട്ടില്ല.

 ഋഷഭ് പന്ത് കടുത്ത സമ്മര്‍ദ്ദത്തിലാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അയാള്‍ തന്നെ പഠിക്കട്ടെയെന്നും ഗാംഗുലി പറ‌ഞ്ഞു. മോശം പ്രകടനങ്ങളുടെ പേരില്‍ ഋഷഭ് പന്തിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇന്നലെ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios