ബിസിസിഐയില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തെ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്റെന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ലെന്നും തികഞ്ഞ പരാജയമാണെന്നും ശ്രീനിവാസന്‍ തുറന്നടിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

കൊല്‍ക്കത്ത: അടുത്തിടെ സ്ഥാനമൊഴിഞ്ഞ ബിസിസിഐ സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലേക്കില്ല. ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിയാകും അടുത്ത പ്രസിഡന്റ്. ബിസിസിഐയില്‍ നിന്ന് പുറത്തായ ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയത്. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കും ഗാംഗുലിയെ പരിഗണിക്കാഞ്ഞതോടെയായിരുന്നു നീക്കം. 

എന്നാല്‍ ബംഗാള്‍ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയം അവസാനിച്ചപ്പോള്‍ പട്ടികയില്‍ ഒരു പേര് മാത്രം. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി. ഈ മാസം 31ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി സ്‌നേഹാശിഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ബംഗാള്‍ ക്രിക്കറ്റിനെ ഉന്നതിയിലെത്തിക്കാനാകും പ്രാധാന്യം നല്‍കുകയെന്ന് സ്‌നേഹാഷിഷ് ഗാംഗുലി പറഞ്ഞു. 

'ലോകകപ്പ് അവിടെ നിര്‍ത്തണമായിരുന്നു'; ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് ശേഷം ഓസ്‌ട്രേലിയന്‍ താരം

അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള ഒരുക്കം തുടങ്ങിയെന്നും സ്‌നേഹാഷിഷ് അറിയിച്ചു. മറ്റുള്ളവര്‍ക്ക് അവസരം നല്‍കാന്‍ മാറിനില്‍ക്കുകയാണെന്ന് ഗാംഗുലി വ്യക്തമാക്കി. നേരത്തെ 2015 മുതല്‍ 19 വരെ സിഎബിയില്‍ പ്രസിഡന്റായിരിക്കെയാണ് ഗാംഗുലി ബിസിസിഐയില്‍ എത്തിയത്. നിലവില്‍ ഉത്തരവാദിത്തമില്ലെന്നും ഭാവി തീരുമാനം ഉടനെടുക്കുമെന്നും ഗാംഗുലി പറഞ്ഞു. ഈമാസം മുപ്പത്തിയൊന്നിനാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും. സിഎബിയുടെ മുന്‍ പ്രസിഡന്റാണ് ഗാംഗുലി. 

ബിസിസിഐയില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തെ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്റെന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ലെന്നും തികഞ്ഞ പരാജയമാണെന്നും ശ്രീനിവാസന്‍ തുറന്നടിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ തന്റെ കാലത്തെ നേട്ടങ്ങള്‍ ഗാംഗുലി ഒരു സ്വകാര്യ ചടങ്ങില്‍ എണ്ണിയെണ്ണി പറഞ്ഞതും ശ്രദ്ധേയമായി.