ഇന്ത്യക്ക് പുറമെ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ഒരു ടീം ഓസീസാണ് എന്നുറപ്പിച്ച് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ ആവേശം കൂട്ടി മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പ്രവചനം. ടീം ഇന്ത്യക്കൊപ്പം മറ്റ് നാല് ടീമുകളേയും ലോകകപ്പ് ഫേവറൈറ്റുകളായി ദാദ കാണുന്നു. 

ടീം ഇന്ത്യക്ക് പുറമെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്, റണ്ണറപ്പുകളായ ന്യൂസിലന്‍ഡ്, മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ, പാകിസ്ഥാന്‍ എന്നീ ടീമുകളേയാണ് ഏകദിന ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളായി സൗരവ് ഗാംഗുലി പ്രതീക്ഷിക്കുന്നത്. ഇതിനെ കുറിച്ച് ദാദയുടെ വിശദീകരണം ഇങ്ങനെ. ഇന്ത്യക്ക് പുറമെ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ഒരു ടീം ഓസീസാണ് എന്നുറപ്പാണ്. ഇംഗ്ലണ്ടും പാകിസ്ഥാനും മറ്റ് ടീമുകള്‍. ന്യൂസിലന്‍ഡിനെ എഴുതിത്തള്ളാനാവില്ല എന്നും ഗാംഗുലി പറഞ്ഞു. ആതിഥേയരായ ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, നെതർലന്‍ഡ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവയാണ് 2023 പുരുഷ ഏകദിന ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍. 

പോരിനൊരുങ്ങുന്നു ടീമുകള്‍

ഒക്‌ടോബര്‍ അഞ്ചിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നതോടെയാണ് 2023 ഏകദിന ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാകുന്നത്. നവംബര്‍ 19ന് ഇതേ സ്റ്റേഡിയത്തിലാണ് കലാശപ്പോര്. 10 വേദികളിലായാണ് പത്ത് ടീമുകള്‍ ഏറ്റുമുട്ടുന്ന ലോകകപ്പ് മത്സരങ്ങള്‍. ഒക്‌ടോബര്‍ പതിനാലാം തിയതി അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ- പാക് മത്സരമാണ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം. ഒരു ലക്ഷത്തിലേറെ കാണികള്‍ക്ക് മുന്നിലായിരിക്കും ഈ തീപാറും മത്സരം. ലോകകപ്പിന്‍റെ വാംഅപ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയാവും. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഇത്തവണത്തേത് എന്നാണ് പ്രതീക്ഷിക്കുന്നത്. 

Read more: ശ്രേയസ് അയ്യർ ഇല്ലേല്‍ നാലാം നമ്പറില്‍ അവന്‍ വരട്ടെ; പേരുമായി സൗരവ് ഗാംഗുലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം