രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റത്തില്‍ ഇരുപത് വയസുകാരനായ തിലക് വർമ്മ വെസ്റ്റ് ഇന്‍ഡീസിനെതിരെ 22 പന്തില്‍ 39 റണ്‍സുമായി തിളങ്ങിയിരുന്നു

കൊല്‍ക്കത്ത: ഇന്ത്യന്‍മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും കളിക്കുന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി ഇതുവരെ ശ്രേയസിന് കായികക്ഷമതാ സർട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം അടുത്തിരിക്കുകയാണുതാനും. ഈ സാഹചര്യത്തില്‍ ശ്രേയസ് അയ്യർക്ക് കളിക്കാനായില്ലെങ്കില്‍ പകരം ആര് ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യയുടെ നാലാം നമ്പറില്‍ വരണം എന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ അമ്പരപ്പിച്ച 20കാരന്‍ തിലക് വർമ്മയുടെ പേരാണ് ശ്രേയസ് അയ്യർക്ക് പകരക്കാരനായി സൗരവ് ഗാംഗുലി പറയുന്നത്. ഏഷ്യാ കപ്പ് ടീം സെലക്ഷനിലേക്ക് തിലകിന്‍റെ പേരുമുണ്ടാകും എന്ന് നേരത്തെതന്നെ ഉറപ്പായിരുന്നു. 

തിലക് തിളങ്ങുമെന്ന് ദാദ

'നമുക്ക് നാലാം നമ്പർ താരമില്ല എന്ന് ആരാണ് പറഞ്ഞത്? നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഏറെ താരങ്ങള്‍ നമുക്കുണ്ട്. ഇന്ത്യ മികച്ച ടീമാണ്. തിലക് വർമ്മ നാലാം നമ്പറിലേക്ക് ഒരു ഓപ്ഷനാണ്. ഇടംകൈയനാണ് എന്ന പ്രത്യേകതയുമുണ്ട്. പരിചയസമ്പത്തില്ലെങ്കിലും തിലക് മികച്ച യുവ താരമാണ്. പരിചയക്കുറവ് അയാളുടെ പ്രകടനത്തെ ബാധിക്കുന്നില്ല. ടോപ് ഓർഡറില്‍ മറ്റൊരു ഇടംകൈയനായ യശസ്വി ജയ്സ്വാളും വരണം. ഭയരഹിതമായി കളിക്കാനുള്ള കഴിവ് ജയ്സ്വാളിനുണ്ട്'. 

കരുത്തുറ്റ ടീം

'പരിചയസമ്പന്നരും യുവ മുഖങ്ങളുമുള്ള ടീമാണ് നിലവില്‍ ഇന്ത്യക്കുള്ളത് ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരങ്ങളാണ് യശസ്വി ജയ്സ്വാളും തിലക് വർമ്മയും ഇഷാന്‍ കിഷനും. ക്രീസിലെത്തി ഭയരഹിതമായി കളിക്കാന്‍ അവർക്കാകും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശർമ്മയ്ക്കും സെലക്ടർമാർക്കും ഏറെ ഓപ്ഷനുകള്‍ മുന്നിലുണ്ട്. അതില്‍ നിന്ന് ഏറ്റവും മികച്ച ഇലവനെ കണ്ടെത്തിയാല്‍ മാത്രം മതി. പേസർമാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും സ്പിന്നർമാരായി രവീന്ദ്ര ജഡേജയും അക്സർ പട്ടേലും കുല്‍ദീപ് യാദവുമുള്ള ഇന്ത്യന്‍ ബൗളിംഗ് നിര ശക്തമാണ്' എന്നും ദാദ കൂട്ടിച്ചേർത്തു.

തിലകിന് തകർപ്പന്‍ തുടക്കം

രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റത്തില്‍ ഇരുപത് വയസുകാരനായ തിലക് വർമ്മ വെസ്റ്റ് ഇന്‍ഡീസിനെതിരെ 22 പന്തില്‍ 39 റണ്‍സുമായി തിളങ്ങിയിരുന്നു. ഇതിന് ശേഷമുള്ള മത്സരങ്ങളില്‍ 51 ഉം 49* ഉം റണ്‍‌സ് നേടി. ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി പുറത്തെടുത്ത പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് തിലക് വർമ്മക്ക് വിന്‍ഡീസ് പര്യടനത്തിലെ ടി20 ടീമിലേക്ക് ആദ്യമായി ക്ഷണം കിട്ടിയത്. ഐപിഎല്‍ 2023ല്‍ 164 പ്രഹരശേഷിയില്‍ 343 റണ്‍സ് താരം നേടിയിരുന്നു.

Read more: ഏകദിന ലോകകപ്പ്: സഞ്ജു സാംസണ് അടുത്ത ഭീഷണി; അഞ്ചാം നമ്പറില്‍ പിടിവലി, മറ്റൊരു താരവും രംഗത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം