ഏകദിന ലോകകപ്പിനുള്ള ടീമിനെ ഉറപ്പിക്കാന്‍ ബിസിസിഐക്ക് മുന്നില്‍ ഇനിയും സമയമുണ്ട്

കൊല്‍ക്കത്ത: കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം ഇന്ത്യന്‍ ക്രിക്കറ്റിലെ സ്‌പിന്‍ ശ്രദ്ധാകേന്ദ്രങ്ങള്‍ രണ്ട് താരങ്ങളായിരുന്നു. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും. നിര്‍ണായക സമയങ്ങളില്‍ ബാറ്റ് കൊണ്ടും മികവ് തെളിയിച്ചതോടെ വിശ്വസ്‌ത ഓള്‍റൗണ്ടര്‍മാരായി ഇരുവരും പേരെടുത്തു. എം എസ് ധോണി ക്യാപ്റ്റനായിരുന്ന കാലം മുതല്‍ അശ്വിന്‍-ജഡേജ സഖ്യം തന്നെയായിരുന്നു ടീം ഇന്ത്യയുടെ പ്രധാന സ്‌പിന്‍ ജോഡി. അനില്‍ കുംബ്ലെ-ഹര്‍ഭജന്‍ സിംഗ് സഖ്യത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുകയും അവസരം ലഭിക്കുകയും ചെയ്‌ത സ്‌പിന്നര്‍മാര്‍ ഇരുവരുമാണ്.

ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഏകദിന ലോകകപ്പ് വരാനിരിക്കേ രവിചന്ദ്രന്‍ അശ്വിനിലും രവീന്ദ്ര ജഡേജയിലുമല്ല ബിസിസിഐ ശ്രദ്ധിക്കേണ്ടത് എന്നാണ് ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി പറയുന്നത്. അശ്വിന്‍ ഏകദിന പ്ലാനുകളില്‍ നിലവിലില്ലാത്ത താരമാണ്. ഗാംഗുലിയുടെ വാക്കുകള്‍ ഇങ്ങനെ... 'രവി ബിഷ്‌ണോയിയും കുല്‍ദീപ് യാദവും നമുക്കുണ്ട്. വലിയ ടൂര്‍ണമെന്‍റുകള്‍ നഷ്‌ടമായ യുസ്‌വേന്ദ്ര ചാഹലുമുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തിയിട്ടുള്ള താരമാണ് ചാഹല്‍. അതിനാല്‍ ചാഹലില്‍ ബിസിസിഐയുടെ പ്രത്യേക ശ്രദ്ധ വേണം. ഓസീസിനും ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്‌ക്കും എതിരെ കളിക്കുമ്പോള്‍ റിസ്റ്റ് സ്‌പിന്നര്‍മാര്‍ ടീമിന് മുതല്‍ക്കൂട്ടാകും' എന്നും സൗരവ് ഗാംഗുലി 2011ലെ പീയുഷ് ചൗളയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി വ്യക്തമാക്കി. 

ഏകദിന ലോകകപ്പിനുള്ള ടീമിനെ ഉറപ്പിക്കാന്‍ ബിസിസിഐക്ക് മുന്നില്‍ ഇനിയും സമയമുണ്ട്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ മുഴുനീള പരമ്പരയ്‌ക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയും ഏഷ്യാ കപ്പും ടീം ഇന്ത്യക്കുണ്ട്. ഇതിന് ശേഷം ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിച്ചാവും ഇന്ത്യന്‍ ടീം ലോകകപ്പിന് അന്തിമ തയ്യാറെടുപ്പ് നടത്തുക. വിന്‍ഡീസിന് എതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരായി കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണുള്ളത്. 

Read more: വെസ്റ്റ് ഇന്‍ഡീസ് പര്യടനം: സഞ്ജു സാംസണ്‍ ട്വന്‍റി 20 പരമ്പര കളിക്കുമോ എന്നറിയാന്‍ വൈകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News