ദ്രാവിഡ് പരിശീലകച്ചുമതല ഏറ്റെടുക്കാന്‍ മടിച്ചപ്പോള്‍ മറ്റൊരു മുന്‍ ഇന്ത്യന്‍ താരത്തിന് ഇന്ത്യന്‍ പരിശീലകനാവാന്‍ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി.

കൊല്‍ക്കത്ത: ടി20 ലോകകപ്പിന്(T20 World Cup) പിന്നാലെ രവി ശാസ്ത്രിയുടെ(Ravi Shastri) പിന്‍ഗാമിയായി രാഹുല്‍ ദ്രാവിഡിനെ(Rahul Dravid) ഇന്ത്യന്‍ പരിശീലകനായി നിയമിച്ചതിന് പിന്നില്‍ ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക്(Sourav Ganguly) നിര്‍ണായക പങ്കുണ്ടായിരുന്നു. കുടുംബത്തെ വിട്ടുനില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സീനിയര്‍ ടീമിന്‍റെ പരിശീലക പദവി ഏറ്റെടുക്കാന്‍ വിമുഖത കാട്ടിയ ദ്രാവിഡിനെ എന്തുകൊണ്ട് ചുമതല ഏറ്റെടുക്കണമെന്ന് ബോധ്യപ്പെടുത്തിയത് ഗാംഗുലിയും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേര്‍ന്നായിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയോടെ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായുള്ള പുതിയ ഇന്നിംഗ്സിന് തുടക്കമിടുകയും ചെയ്തു.

എന്നാല്‍ ദ്രാവിഡ് പരിശീലകച്ചുമതല ഏറ്റെടുക്കാന്‍ മടിച്ചപ്പോള്‍ മറ്റൊരു മുന്‍ ഇന്ത്യന്‍ താരത്തിന് ഇന്ത്യന്‍ പരിശീലകനാവാന്‍ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി. അത് മറ്റാരുമല്ല, ക്രീസില്‍ വര്‍ഷങ്ങളോളം ദ്രാവിഡിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ നെടുന്തൂണായിരുന്ന വിവിഎസ് ലക്ഷ്മണ്. ബോറിയ മജൂംദാറുമൊത്തുത്ത ടോക് ഷോയിലാണ് ലക്ഷ്മണിന്‍റെ ആഗ്രഹത്തെക്കുറിച്ച് ഗാംഗുലി തുറന്നു പറഞ്ഞത്.

ലക്ഷ്മണ് സീനിയര്‍ ടീമിന്‍റെ പരിശീലകനാവാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത് ഞങ്ങള്‍ക്ക് നടപ്പാക്കാനായില്ല. ഭാവിയില്‍ അദ്ദേഹത്തിന് അതിനുള്ള അവസരം വരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കാരണം ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുന്നകാര്യം ഞാനും ജയ് ഷായും ദീര്‍ഘനാളായി ആഗ്രഹിക്കുന്നതാണ്. പക്ഷെ അദ്ദേഹത്തെ അത് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ കുറെ പാടുപെട്ടു.

കുടംബത്തെയും കുട്ടികളെയും വിട്ട് 8-9 മാസം ഇന്ത്യന്‍ ടീമിനൊപ്പം തുടരുക എന്നത് ദ്രാവിഡിന് തീരെ താല്‍പര്യമില്ലായിരുന്നു. പക്ഷെ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്കായി-ഗാംഗുലി പറഞ്ഞു.ഇന്ത്യന്‍ പരിശീലകനാവാനുള്ള ലക്ഷ്മണിന്‍റെ ആഗ്രഹം നടന്നില്ലെങ്കിലും അദ്ദേഹത്തെ ദ്രാവിഡിന്‍റെ പകരക്കാരനായി ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. നാലുവര്‍ഷത്തോളം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായിരുന്ന ദ്രാവിഡ് മുമ്പ് അണ്ടര്‍ 19 ടീമിന്‍റെയും ഇന്ത്യ എ ടിമിന്‍റെയും പരിശീലകനായിരുന്നു.

ദ്രാവിഡിന് പരിശീലക സ്ഥാനം ഏറ്റെടുക്കാനെന്ന പോലെ ലക്ഷ്മണ് ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനും ആദ്യം താല്‍പര്യമില്ലായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹൈദരാബാദിലുള്ള കുടുംബത്തെയും പ്രായമായ മാതാപിതാക്കളെയും വിട്ട് ബെംഗലൂരുവിലേക്ക് മാറേണ്ടിവരുമെന്നതിനാലായിരുന്നു ഇത്. എന്നാല്‍ ഗാംഗുലി നിര്‍ബന്ധത്തിന് ഒടുവില്‍ ലക്ഷ്മണ്‍ വഴങ്ങി.