മെല്‍ബണ്‍: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് രസകരമായ കമന്റുമായി ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലി. ഓസ്ട്രേലിയയില്‍ ബെഞ്ചില്‍ വെയില്‍ കാഞ്ഞിരിക്കുന്ന സച്ചിന്റെ ചിത്രത്തിനാണ് ഗാംഗുലി രസകരമായ കമന്റിട്ടത്.

സച്ചിന്റെ ചിത്രത്തിന് ചിലരുടെയൊക്കെ തലവര തന്നെ, അവധിക്കാലം ആഘോഷിക്കു എന്നായിരുന്നു ഗാംഗുലിയുടെ കമന്റ്. എന്നാല്‍ ഇതിന് സച്ചിന്‍ നല്‍കിയ മറുപടിയാകട്ടെ ഇത്തവണത്തേത് വളരെ അര്‍ത്ഥവത്തായ അവധിക്കാലമാണെന്നും ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനായി സംഘടിപ്പിച്ച ബുഷ് ഫയര്‍ ക്രിക്കറ്റിലൂടെ 10 മില്യണ്‍ അമേരിക്കണ്‍ ഡോളര്‍ സമാഹരിച്ചുവെന്നും സച്ചിന്‍ പറഞ്ഞു.

അതേസമയം, സച്ചിന്റെ ചിത്രത്തിന് മുന്‍സഹതാരം ഹര്‍ഭജന്‍ സിംഗും രസകരമായ കമന്റിട്ടുണ്ട്. മുകളിലെ കെട്ടിടത്തിലേക്ക് നോക്കിയിരിക്കുന്ന സച്ചിനോട് ഏത് നിലയാണ് താങ്കള്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു ഹര്‍ഭജന്റെ ചോദ്യം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ആദ്യമായി ബാറ്റെടുത്ത സച്ചിന്‍ ബുഷ് ഫയര്‍ ക്രിക്കറ്റില്‍ പോണ്ടിംഗ് ഇലവനായി ബാറ്റ് ചെയ്തിരുന്നു. ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ഓള്‍ റൗണ്ടര്‍ എല്‍സി പെറിയെയാണ് സച്ചിന്‍ തിരിച്ചുവരവില്‍ നേരിട്ടത്.