മുംബൈ: ബിസിസിഐ പ്രസിഡന്‍റായ സൗരവ് ഗാംഗുലിയും സെക്രട്ടറിയാ ജയ് ഷായും തല്‍ക്കാലം തല്‍സ്ഥാനത്ത് തുടരും. ഭരണഘടനാ ഭേദഗതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം തേടി ബിസിസിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ജനുവരി അവസാനത്തേക്ക് മാറ്റിവെച്ചതോടെയാണിത്.

ഇതോടെ ഈ മാസം 24ന് ചേരുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ ഗാംഗുലി തന്നെ അധ്യക്ഷത വഹിക്കുമെന്നും ഉറപ്പായി. പുതിയ രണ്ട് ഐപിഎല്‍ ടീമുകളെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് അടക്കമുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോധ കമ്മിറ്റി ശുപാര്‍ശ അനുസരിച്ചാണെങ്കില്‍ പ്രസിഡന്‍റ് സ്ഥാനത്ത് ഗാംഗുലിയ്ക്ക് തുടരാനാവില്ല. എന്നാല്‍ ഇത് മറികടക്കാനായി ബിസിസിഐ ഭരണഘടന ഭേദഗതി ചെയ്തിരുന്നു. ഇതിന് സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്.