കൊല്‍ക്കത്ത: കൊവിഡ് 19 വാക്സിന്‍ കണ്ടെത്തുന്നതോടെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലി. കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം നിലച്ച നിലയിലാണുള്ളത്. കായിക മേഖലയെ സാരമായാണ് കൊവിഡ് 19 മഹാമാരി ബാധിച്ചത്. ആഗോളതലത്തില്‍ മാര്‍ച്ച് മുതല്‍ കായിക മേഖല സ്തംഭിച്ച നിലയിലാണുള്ളത്. ഇത് വലിയ രീതിയിലാണ് സാമ്പത്തിക പ്രശ്നങ്ങളും വരുത്തി വയ്ക്കുന്നുണ്ട്. 

ലോകത്തെ തന്നെ പിടിച്ച് നിര്‍ത്തിയ ഒന്നായാണ് കൊവിഡ് 19 നെ കാണുന്നതെന്ന് അണ്‍ അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ ഗാംഗുലി പറഞ്ഞു. രോഗത്തെ നേരിടാനുള്ള മരുന്ന് ഇപ്പോള്‍ നമ്മുക്കില്ല. ഏഴോ എട്ട് മാസത്തിനുള്ളില്‍ വാക്സിന്‍ കണ്ടെത്തുന്നതോടെ പ്രതിസന്ധികള്‍ എല്ലാം മാറുമെന്നും ഗാംഗുലി പ്രതികരിച്ചു. ഇതിനെതിരായ പ്രതിരോധം നമ്മുക്ക് ഓരോരുത്തരിലുമുണ്ടാകും. ക്രിക്കറ്റും സാധാരണ നിലയിലേക്ക് മടങ്ങിയെത്തും. ഷെഡ്യൂളുകളില്‍ ചില മാറ്റമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഗാംഗുലി പറയുന്നു. ക്രിക്കറ്റ് കളിക്കാര്‍ക്ക് പ്രത്യേക പരിശോധനകള്‍ ഉണ്ടാവും. പനി ബാധിച്ച് തളര്‍ന്ന് പോകുമ്പോള്‍ മരുന്ന് കഴിച്ച് രോഗം മാറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. 

ക്രിക്കറ്റ് കളിയിലേക്ക് എത്തിയത് അപ്രതീക്ഷിതമായിരുന്നുവെന്നും ഫുട്ബോള്‍ ആയിരുന്നു തനിക്ക് താല്‍പര്യമുണ്ടായിരുന്ന കായിക ഇനമെന്നും ഗാംഗുലി പറഞ്ഞു. ഫുട്ബോളായിരുന്നു തന്‍റെ ജീവിതം. ഒന്‍പതാം ക്ലാസുവരെ താന്‍ മികച്ച ഫുട്ബോളറായിരുന്നു. വികൃതിത്തരം അവസാനിപ്പിക്കാനാണ് ക്രിക്കറ്റ് പരിശീലനത്തിന് ചേര്‍ത്തത്. തനിക്ക് പരിശീലനത്തിന് പോകുന്നത് ഇഷ്ടമായിരുന്നു, കാരണം കൃത്യനിഷ്ടക്കാരായ രക്ഷിതാക്കളില്‍ നിന്ന് മാറി നില്‍ക്കാനുള്ള അവസരമായിരുന്നു പരിശീലനം. എന്നാല്‍ ക്രിക്കറ്റിലെത്തിയില്‍ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു. സഹോദരന്‍റെ കിറ്റ് ഉപയോഗിക്കേണ്ടി വന്നതോടെയാണ് ഇടംകയ്യനായതെന്നും ഗാംഗുലി പറഞ്ഞു.