Asianet News MalayalamAsianet News Malayalam

ദ്രാവിഡിനോട് വിശദീകരണം തേടി ബിസിസിഐ; ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെയെന്ന് ഗാംഗുലി

ഇന്നലെയാണ് വിരുദ്ധ താല്‍പര്യമില്ലെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് ബിസിസിഐ എത്തിക്സ് ഓഫീസര്‍ റിട്ട. ജസ്റ്റിസ് ഡി കെ ജെയിന്‍ നോട്ടീസ് അയച്ചത്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത അംഗമായ സഞ്ജീവ് ഗുപ്തയുടെ പരാതിയിലായിരുന്നു ഇത്.

Sourav Ganguly slams BCCI for sending conflict of interest notice to Rahul Dravid
Author
Kolkata, First Published Aug 7, 2019, 10:54 AM IST

കൊല്‍ക്കത്ത: വിരുദ്ധ താല്‍പര്യത്തിന്റെ പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. വിരുദ്ധ താല്‍പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്ന് പറഞ്ഞ ഗാംഗുലി വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള നല്ല വഴിയാണിതെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നും ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് വിരുദ്ധ താല്‍പര്യമില്ലെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് ബിസിസിഐ എത്തിക്സ് ഓഫീസര്‍ റിട്ട. ജസ്റ്റിസ് ഡി കെ ജെയിന്‍ നോട്ടീസ് അയച്ചത്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത അംഗമായ സഞ്ജീവ് ഗുപ്തയുടെ പരാതിയിലായിരുന്നു ഇത്. ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ ദ്രാവിഡ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തും തുടരുന്നുവെന്നാണ് സഞ്ജീവ് ഗുപ്ത പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഓഗസ്റ്റ് 16ന് മുമ്പ് ദ്രാവിഡിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും സൗരവ് ഗാംഗുലിക്കും ബിസിസിഐ സമാനമായ രീതിയില്‍ നോട്ടീസ് അയച്ചിരുന്നു. ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററും ആയിരിക്കെ തന്നെ ബിസിസിഐ ഉപദേശക സമിതി അംഗമായിരുന്നതാണ് ബിസിസിഐ എത്തിക്സ് ഓഫീസര്‍ വിരുദ്ധ താല്‍പര്യമെന്ന് ചൂണ്ടിക്കാട്ടിയത്.

സച്ചിന്‍ മുംബൈ ഇന്ത്യന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നതായിരുന്നു ബിസിസിഐ ചൂണ്ടിക്കാട്ടിയത്. ഉപദേശക സമിതിയിലെ മറ്റൊരംഗമായിരുന്ന വിവിഎസ് ലക്ഷ്മണെതിരെയും ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള ബന്ധത്തിന്റെ പേരില്‍ ബിസിസിഐ വിരുദ്ധ താല്‍പര്യത്തിന് നോട്ടീസ് അയച്ചിരുന്നു.

Follow Us:
Download App:
  • android
  • ios