Asianet News MalayalamAsianet News Malayalam

കരിയറിലെ ഏറ്റവും വലിയ തിരിച്ചടി 2005ലെ ആ സംഭവം; വിശദമാക്കി സൗരവ് ഗാംഗുലി

എം എസ് ധോണി, യുവരാജ് സിംഗ്, വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവരേയെല്ലാം അരങ്ങേറിയതും ഗാംഗുലിയുടെ കീഴിലായിരുന്നു.

Sourav Ganguly talking on his great set back in Cricket
Author
New Dehli, First Published Apr 7, 2021, 5:34 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ സൗരവ് ഗാംഗുലിയുടെ പേരുണ്ടാകുമെന്നതില്‍ സംശയമൊന്നുമില്ല. കോഴ ആരോപണങ്ങളില്‍ തളര്‍ന്നുപോയ ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപ്പിടിച്ചുയര്‍ത്തിയത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സി ആയിരുന്നു. എം എസ് ധോണി, യുവരാജ് സിംഗ്, വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവരേയെല്ലാം അരങ്ങേറിയതും ഗാംഗുലിയുടെ കീഴിലായിരുന്നു. ഇപ്പോള്‍ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയെ കുറിച്ച് സംസാരിക്കുകയാണ് ഗാംഗുലി. 

2005ല്‍ നായകസ്ഥാനം നഷ്ടമായതാണ് ക്രിക്കറ്റില്‍ നേരിട്ട വലിയ തിരിച്ചടിയെന്ന് ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റായ ഗാംഗുലി വ്യക്തമാക്കി. ഗാംഗുലിയുടെ വാക്കുകളിങ്ങനെ... ''സമ്മര്‍ദ്ദമെന്നത് എല്ലാവുടെയും ജീവിതത്തില്‍ വലിയ ഘടകമാണ്. വിവിധ രീതിയിലുള്ള സമ്മര്‍ദ്ദങ്ങളെ പലപ്പോഴും നമുക്ക് നേരിടേണ്ടിവരും. ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് കളിക്കുന്ന ഒരു താരം ടീമില്‍ സ്ഥാനം ഉറപ്പിക്കാനുളള പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുക. കടുത്ത സമ്മര്‍ദ്ദം അതിജീവിച്ച് വേണം ആ പ്രകടനം പുറത്തെടുക്കാന്‍. 

ഇനി ടീമില്‍ സ്ഥാനമുറപ്പിച്ചാല്‍ സ്ഥിരതയോടെ കളിക്കാനുള്ള ശ്രമമാവും ഉണ്ടാവുക. ഒരു ചെറിയ വീഴ്ച ഉണ്ടായാല്‍ പോലും നിങ്ങള്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലായിരിക്കും. വിധി എന്താണോ അത് നേരിടുകയല്ലാതെ മറ്റു വഴികളില്ല. ഇത്തരം സന്ദര്‍ഭങ്ങളെല്ലാം അതിജീവിക്കാന്‍ നമുക്കാവണം. കായിക മേഖലയോ വ്യവസായമോ എന്തും ആവട്ടെ ജീവിതം നമുക്ക് ഒരു ഉറപ്പും നല്‍കുന്നില്ല. ഉയര്‍ച്ചയും താഴ്ചയുമെല്ലാമുണ്ടാവും. അതെല്ലാം അംഗീകരിക്കണം.'' ഗാംഗുലി പറഞ്ഞു. 

2000ലാണ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. 2002ല്‍ നാറ്റ് വെസ്റ്റ് ട്രോഫി ഇന്ത്യക്ക് നേടിത്തന്ന ഗാംഗുലി 2003ല്‍ ഇന്ത്യയെ ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ചു. 2005ല്‍ നായകസ്ഥാനം നഷ്ടമായി.

Follow Us:
Download App:
  • android
  • ios