കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഒരു ദിവസം കൂടി ആശുപത്രിയില്‍ തുടരും. ഇന്ന് ആശുപത്രി വിടുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിനുപിന്നാലെയാണ് ഇന്ന് കൂടി ആശുപത്രിയില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയിയിലാണ് ഗാംഗുലി കഴിയുന്നത്. 

എന്നാല്‍ ഗാംഗുലിയുടെ രക്തസമ്മര്‍ദ്ദവും ഓക്‌സിജന്റെ അളവുമെല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ ഗാംഗുലിക്ക് പൂര്‍ണ ആരോഗ്യവാനാകാന്‍ സാധിക്കുമെന്ന് വുഡ്സ്ലാന്‍ഡ് ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. വീട്ടിലേക്ക് മാറ്റുന്ന ഗാംഗുലിയുടെ ആരോഗ്യനില പ്രത്യേക മെഡിക്കല്‍ സംഘം, എല്ലാദിവസവും വിലയിരുത്തും. 

ശനിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെയായിരുന്നു ഗാംഗുലിക്ക് നെഞ്ചുവേദന ഉണ്ടായത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. രക്തധമനിയിലെ തടസം പൂര്‍ണ്ണമായും ഒഴിവാക്കാനുമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാംഗുലിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.