Asianet News MalayalamAsianet News Malayalam

സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി പാകിസ്ഥാന്‍ തന്നെ വരണം; കാരണം വ്യക്തമാക്കി ഗാംഗുലി

പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികളെങ്കില്‍ ഇന്ത്യ-പാക് സെമി കൊല്‍ക്കത്തയിലായിരിക്കും നടക്കുക. ലോകകപ്പ് മത്സരക്രമം അനുസരിച്ച് ഒന്നാം സ്ഥാനക്കാരും  നാലാം സ്ഥാനക്കാരും തമ്മിൽ മുംബൈയിലാണ് സെമി കളിക്കേണ്ടത്.

Sourav Ganguly wants  India vs Pakistan Semi Final here is Why
Author
First Published Nov 9, 2023, 10:57 AM IST

കൊല്‍ക്കത്ത: ലോകകപ്പ് സെമി ഫൈനലിലെ അവസാന സ്ഥാനക്കാരാവാന്‍ പാകിസ്ഥാനും ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മില്‍ മത്സരം മുറുകുകയാണ്. ആരെത്തിയാലും സെമിയില്‍ ഇന്ത്യയായിരിക്കും എതിരാളികളായി എത്തുക. ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെയും നാളെ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയും 11ന് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെയും നേരിടുന്നതോടെ ഇന്ത്യയുടെ സെമി എതിരാളികള്‍ ആരെന്ന് വ്യക്തമാവും.

ഈ സാഹചര്യത്തില്‍ സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി പാകിസ്ഥാന്‍ തന്നെ വരണമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കാരണം, പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികളെങ്കില്‍ ഇന്ത്യ-പാക് സെമി കൊല്‍ക്കത്തയിലായിരിക്കും നടക്കുക. ലോകകപ്പ് മത്സരക്രമം അനുസരിച്ച് ഒന്നാം സ്ഥാനക്കാരും  നാലാം സ്ഥാനക്കാരും തമ്മിൽ മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് സെമി കളിക്കേണ്ടത്. എന്നാല്‍ സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈയില്‍ കളിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ ലോകകപ്പിന് മുന്നെ ചൂണ്ടിക്കാട്ടിയതോടെ പാകിസ്ഥാന്‍ സെമിയിലെത്തിയാല്‍ ആര് എതിരാളികളായാലും കൊല്‍ക്കത്തയിലായിരിക്കും സെമി കളിക്കുകയെന്ന് നേരത്തെയുള്ള ധാരണയാണ്.

കോലി തിരക്കേറിയ താരം, വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല, ധോണിയുമായി പണ്ടും അടുത്ത സൗഹൃദമില്ല; തുറന്നു പറഞ്ഞ് യുവി

ഈ സാഹചര്യത്തില്‍ ഇന്ത്യ-പാക് സെമി ഫൈനല്‍ വന്നാല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കും ഇന്ത്യ സെമി കളിക്കേണ്ടിവരിക. ഇന്ത്യയും പാകിസ്ഥാനും ഈഡന്‍ ഗാര്‍ഡന്‍സില്‍ സെമിയില്‍ ഏറ്റുമുട്ടിയാല്‍ ലോകകപ്പില്‍ അതിനെക്കാള്‍ വലിയൊരു പോരാട്ടമുണ്ടാകില്ലെന്ന് ഗാംഗുലി സ്പോര്‍ട്സ് ടോക്കിനോട് പറഞ്ഞു. ഇന്ത്യ-പാക് സെമിയെങ്കില്‍ മത്സരം കാണാന്‍ കാണികള്‍ ഈഡനിലേക്ക് ഇരച്ചെത്തുമെന്നും മുന്‍ ബിസിസിഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ 70000ത്തോളം ആരാധകരാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ 326 റണ്‍സടിച്ചപ്പള്‍ ദക്ഷിണാഫ്രിക്ക 82 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. കൊല്‍ക്കത്തയിലെ സ്ലോ പിച്ചില്‍ ടോസും നിര്‍ണായകമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios