ഡെയ്ന്‍ പീറ്റേഴ്സണ്‍, പീറ്റര്‍ മലന്‍, റാസി വാന്‍ഡര്‍ ഡസ്സന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ഡ്വയിന്‍ പ്രിട്ടോറിയസ്, റൂഡി സെക്കന്‍ഡ് എന്നിവരാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമില്‍ ഇടം നേടിയത്.

ജൊഹാനസ്ബര്‍ഗ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ആറ് പുതുമുഖങ്ങള്‍. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കുശേഷം ടീമിനെ അടിമുടി ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയിരിക്കുന്നത്.

ഡെയ്ന്‍ പീറ്റേഴ്സണ്‍, പീറ്റര്‍ മലന്‍, റാസി വാന്‍ഡര്‍ ഡസ്സന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ഡ്വയിന്‍ പ്രിട്ടോറിയസ്, റൂഡി സെക്കന്‍ഡ് എന്നിവരാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമില്‍ ഇടം നേടിയത്. അതേസമയം, പേസ് ബൗളര്‍ ലുങ്കി എങ്കിടിയുടെ പരിക്ക് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര തുടങ്ങും മുമ്പെ തിരിച്ചടിയായി.

ഫാഫ് ഡൂപ്ലെസി തന്നെയാണ് ടീമിനെ നയിക്കുന്നത്. ടെംബാ ബാവുമ, ക്വിന്റണ്‍ ഡീ കോക്ക്, ഡിന്‍ എല്‍ഗാര്‍, കാഗിസോ റബാദ, കേശവ് മഹാരാജ്, ഫിലാന്‍ഡര്‍, എയ്ഡന്‍ മാര്‍ക്രം, ഫെലുക്വവായോ, ആന്‍റിജ് നോര്‍ജെ, സുബൈര്‍ ഹംസ എന്നിവരും ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലുണ്ട്. നാല് മത്സരങ്ങളടങ്ങിട ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 26ന് ബോക്സിംഗ് ഡേ ദിനത്തില്‍ ആരംഭിക്കും. പുതിയ പരിശീലകന്ർ മാര്‍ക്ക് ബൗച്ചര്‍ക്ക് കീഴിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.