ജൊഹന്നാസ്ബര്‍ഗ്: കേശവ് മഹാരാജിനെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉള്‍പ്പെടുത്തി. 2018ന് ശേഷം ആദ്യമായിട്ടാണ് താരം ഏകദിന ടീമില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെ 15 അംഗ ടീമിലേക്ക് പരിഗണിച്ചില്ല. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈമാസം 29നാണ് പരമ്പര ആരംഭിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിനുള്ള ടീമിലും ഫാഫിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. താരത്തിന് വിശ്രമം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. റാസ് വാന്‍ ഡെര്‍ ഡസ്സന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ് എന്നിവരെയും ടീമിലെടുത്തിട്ടില്ല. ക്വിന്റണ്‍ ഡി കോക്കാണ് ടീമിനെ നയിക്കുക. ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ പരിക്കേറ്റിരുന്ന തെംബ ബവൂമയും ടീമിലുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), തെംബ ബവൂമ, ഡേവിഡ് മില്ലര്‍, കഗിസോ റബാദ, ആന്‍ഡിലെ ഫെഹ്ലുക്വായോ, തബ്രൈസ് ഷംസി, ലുംഗി എന്‍ഗിഡി, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍, ജന്നെമാന്‍ മലാന്‍, ജോണ്‍- ജോണ്‍ സ്മട്ട്‌സ്, ആന്റിച്ച് നോര്‍ജെ, ലുതോ സിംപാല, കേശവ് മഹാരാജ്, കെയ്ല്‍ വെറിന്നെ.