Asianet News MalayalamAsianet News Malayalam

വന്‍ മാറ്റങ്ങള്‍; ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടി20 ടീമിനെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് നയിക്കും. ടീമില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. അതേസമയം, ടെസ്റ്റ് ടീമിനെ ഫാഫ് ഡു പ്ലെസിസ് നയിക്കും.

South Africa announced squad for Indian tour
Author
Cape Town, First Published Aug 13, 2019, 7:35 PM IST

കേപ്ടൗണ്‍: ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടി20 ടീമിനെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് നയിക്കും. ടീമില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. അതേസമയം, ടെസ്റ്റ് ടീമിനെ ഫാഫ് ഡു പ്ലെസിസ് നയിക്കും. ടെസ്റ്റ് ടീമില്‍ രണ്ട് പുത്തന്‍താരങ്ങള്‍ ഇടം നേടി. അടുത്തമാസമാണ് പരമ്പര ആരംഭിക്കുന്നത്. 

തെംബ ബെവുമ, ബോണ്‍ ഫോര്‍ട്വിന്‍, ആന്റിച്ച് നോര്‍ജെ എന്നിവരാണ് ടി20 ടീമിലെത്തിയ പുതിയ താരങ്ങള്‍. സ്പിന്‍ ഓള്‍ റൗണ്ടര്‍ സെനുരന്‍ മുത്തുസാമി, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റൂഡി സെക്കന്‍ഡ് എന്നിവര്‍ക്ക് ടെസ്റ്റ് ടീമിലേക്കും ആദ്യ വിളിയെത്തി. ബെവുമയെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. റസ്സി വാന്‍ ഡര്‍ ഡസ്സനാണ് ടി20 ടീമിന്റെ ഉപനായകന്‍.

എയ്ഡന്‍ മാര്‍ക്രം, തെയുനിസ് ഡി ബ്രുയ്ന്‍, ലുംഗി എന്‍ഗിഡി എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് വേണ്ടത്ര വിശ്രമം നല്‍കുന്നതിനായിട്ടാണ് ഇവരെ മാറ്റിനിര്‍ത്തിയത്. സെപ്റ്റംബര്‍ 15നാണ് ടി20 പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും.

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), തെംബ ബവുമ (ഉപനായകന്‍), തെയുനിസ് ഡി ബ്രുയ്ന്‍, ക്വിന്റണ്‍ ഡി കോക്ക്, ഡീന്‍ എല്‍ഗാര്‍, സുബൈര്‍ ഹംസ, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, സെനുരന്‍ മുത്തുസാമി, ലുംഗി എന്‍ഗിഡി, അന്റിച്ച് നോര്‍ജെ, വെര്‍ണോന്‍ ഫിലാന്‍ഡര്‍, ഡെയ്ന്‍ പീറ്റ്, കംഗിസോ റബാദ, റൂഡി സെക്കന്‍ഡ്. 

ടി20 ടീം: ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), റസ്സി വാന്‍ ഡര്‍ ഡസ്സന്‍ (വൈസ് ക്യാപ്റ്റന്‍), തെംബ ബവുമ, ജൂനിയര്‍ ഡാല, ബോണ്‍ ഫോര്‍ട്വിന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, ഡേവിഡ് മില്ലര്‍, അന്റിച്ച് നോര്‍ജെ, ആന്‍ഡിലെ ഫെഹ്‌ലുക്വായോ, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, കഗീസോ റബാദ, തബ്രൈസ് ഷംസി, ജോന്‍- ജോന്‍ സ്മട്ട്‌സ്.

Follow Us:
Download App:
  • android
  • ios