മഴയുടെ കനിവില്‍ ഓസ്ട്രേലിയക്കെതിരെ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കി ദക്ഷിണാഫ്രിക്ക
149-6 എന്ന സ്കോറില്‍ അവസാന ദിവസം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് സൈമണ്‍ ഹാര്‍മര്‍(47), കേശവ് മഹാരാജ്(57) എന്നിവരുടെ പോരാട്ടമാണ് തുണയായത്. 167 റണ്‍സില്‍ ഏഴാം വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഇരുവരും ചേര്‍ന്ന് 250 കടത്തിയതിനൊപ്പം ഓസ്ട്രേലിയയുടെ വിജയ സാധ്യതകള്‍ അടക്കുകയും ചെയ്തു.

സിഡ്നി: മഴയുടെ കനിവില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കി ദക്ഷിണാഫ്രിക്ക. പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‍റെ രണ്ട് ദിവസം മഴയില്‍ കുതിര്‍ന്നപ്പോള്‍ സിഡ്നി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക സമനിലയുമായി രക്ഷപ്പെട്ടു. സ്കോര്‍ ഓസ്ട്രേലിയ 475, ദക്ഷിണാഫ്രിക്ക 255, 106-2.
ഓസിസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 475 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സില്‍ 149-6 എന്ന സ്കോറില്‍ അഞ്ചാം ദിനം ബാറ്റിംഗ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക 255 റണ്‍സിന് പുറത്തായി. ദക്ഷിമാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിച്ച ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് വിജയം ലക്ഷ്യമിട്ടെങ്കിലും രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 41.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്ത് തോല്‍വി ഒഴിവാക്കി.
149-6 എന്ന സ്കോറില്‍ അവസാന ദിവസം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് സൈമണ്‍ ഹാര്‍മര്‍(47), കേശവ് മഹാരാജ്(57) എന്നിവരുടെ പോരാട്ടമാണ് തുണയായത്. 167 റണ്‍സില്‍ ഏഴാം വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഇരുവരും ചേര്‍ന്ന് 250 കടത്തിയതിനൊപ്പം ഓസ്ട്രേലിയയുടെ വിജയ സാധ്യതകള്‍ അടക്കുകയും ചെയ്തു. ഓസീസിനായി ജോഷ് ഹേസല്‍വുഡ് നാലും കമിന്‍സ് മൂന്നും ലിയോണ്‍ രണ്ടും വിക്കറ്റെടുത്തു.
ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെ(10) നഷ്ടമായെങ്കിലും അവസാന ദിനം രണ്ടാം ഇന്നിംഗ്സില്‍ 40 ഓവറോളം സാറെല്‍ എര്‍വീയും(42*), ഹെന്‍റിച്ച് ക്ലാസനും(35), ടെംബാ ബാവുമയും(17*) ചേര്‍ന്ന് പ്രതിരോധിച്ചു നിന്നതോടെ ഓസീസിന്‍റെ ജയപ്രതീക്ഷ അവസാനിച്ചു.
അവസാന സെഷനില്‍ ക്ലാസനെ ഹേസല്‍വുഡ് പുറത്താക്കിയെങ്കിലും ടെംബാ ബാവുമ(17*) എര്‍വീക്കൊപ്പം പുറത്താകാതെ നിന്നു. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഓസ്ട്രേലിയ 2-0ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഇന്ത്യക്കെതിരെ അടുത്തമാസം നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇനി ഓസീസ് കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും കളിക്കും.