ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാമത്! ഇരുവര്‍ക്കും സെമി ഒരു ജയമകലെ; തോറ്റിട്ടും പാകിസ്ഥാന്‍ ആറാമത്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോറ്റെങ്കിലും പാകിസ്ഥാന്‍ ആറാം സ്ഥാനത്ത് തുടരകുയാണ്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് നാല് പോയിന്റ് മാത്രമാണുള്ളത്. ആദ്യ രണ്ട് മത്സരങ്ങള്‍ പാകിസ്ഥാന്‍ ജയിച്ച് തുടങ്ങിയെങ്കിലും തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ അവര്‍ പരാജയപ്പെട്ടു.

ചെന്നൈ: പാകിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയത്തോടെ ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമത്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിയ്ക്ക് 10 പോയിന്റാണുള്ളത്. അക്കൗണ്ടില്‍ അഞ്ച് ജയവും ഒരു തോല്‍വിയും. ഇന്ത്യ ഒരു മത്സരം കുറവാണ് കളിച്ചത്. അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യക്കും പത്ത് പോയിന്റുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. നാളെ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് വീണ്ടും ഒന്നാമതെത്താം. പിന്നീട് ഓരോ ജയങ്ങള്‍ കൂടി നേടിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കും സെമി ഉറപ്പിക്കാം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോറ്റെങ്കിലും പാകിസ്ഥാന്‍ ആറാം സ്ഥാനത്ത് തുടരകുയാണ്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് നാല് പോയിന്റ് മാത്രമാണുള്ളത്. ആദ്യ രണ്ട് മത്സരങ്ങള്‍ പാകിസ്ഥാന്‍ ജയിച്ച് തുടങ്ങിയെങ്കിലും തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ അവര്‍ പരാജയപ്പെട്ടു. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവരോട് തോറ്റ പാകിസ്ഥാന്‍ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും തോല്‍ക്കുകയായിരുന്നു. അഞ്ചാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും ഏഴാമതുള്ള അഫ്ഗാനിസ്ഥാനും നാല് പോയിന്റ് വീതമാണുള്ളത്. ഈ രണ്ട് ടീമുകളും പാകിസ്ഥാനേക്കാള്‍ ഒരു കളി കുറവാണ് കളിച്ചതും.
അതേസമയം, പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. ഇനി മൂന്ന് മത്സരങ്ങളാണ് പാകിസ്ഥാന് ബാക്കിയുള്ളത്. 31ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നവംബര്‍ നാലിന് ന്യൂസിലന്‍ഡിനെതിരേയും കളിക്കണം. അവസാന മത്സരത്തിനായി 11ന് വീണ്ടും കൊല്‍ക്കത്തയിലേക്ക്. ഇത്തവണ ഇംഗ്ലണ്ടാണ് എതിരാളി. ബംഗ്ലാദേശൊഴികെ മറ്റ് രണ്ട് ടീമുകളോടും ജയിക്കുക പാകിസ്ഥാന് പ്രയാസമായിരിക്കും. ബംഗ്ലാദേശും കടുത്ത പോരാട്ടം നടത്താന്‍ സാധ്യതയുള്ള ടീമാണ്. ഈ മൂന്ന് മത്സരങ്ങളിലും കൂറ്റന്‍ റണ്‍റേറ്റില്‍ ജയിച്ചാല്‍ പോലും കാര്യം എളുപ്പമാവില്ല.
അതേസമയം, തുടര്‍ തോല്‍വികളില്‍ വലയുന്ന നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ശ്രീലങ്കക്കെതിരെയും തോറ്റതോടെ പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണിരുന്നു. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ് നിലവിലെ ചാമ്പ്യന്‍മാരുടെ സ്ഥാനം. നെതര്‍ലന്‍ഡ്‌സ് മാത്രമാണ് ഇംഗ്ലണ്ടിന് പിന്നിലുള്ള ഒരേയൊരു ടീം. ഓസ്‌ട്രേലിയക്കെതിരെ 309 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതോടെ നെറ്റ് റണ്‍ റേറ്റില്‍ മാത്രമാണ് നെതര്‍ലന്‍ഡ്‌സ് ഇംഗ്ലണ്ടിന് പിന്നിലായി പോയത്.