ജൊഹാനസ്ബര്‍ഗ്: അടുത്ത ആഴ്ച ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനിരിക്കെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ആത്മവിശ്വാസത്തോടെ ദക്ഷിണാഫ്രിക്ക. ഏകദിന പരമ്പരയിലെ മൂന്നാമത്തെയു അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ആധികാരിക ജയവുമായാണ് ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മാര്‍നസ് ലാബുഷെയ്നിന്റെ കന്നി ഏകദിന സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തപ്പോള്‍ 45.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസീസ് നിരയില്‍ ലാബുഷെയ്ന്‍(108) ഒഴികെ ആരും ബാറ്റിംഗില്‍ തിളങ്ങിയില്ല. ഡേവിഡ് വാര്‍ണര്‍(4) നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്(22), സ്റ്റീവ് സ്മിത്ത്(20) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഡാര്‍സി ഷോര്‍ട്ട്(36), മിച്ചല്‍ മാര്‍ഷ്(32), ജേ റിച്ചാര്‍ഡ്സണ്‍(24) എന്നിവരുടെ ഇന്നിംഗ്സുകളാണ് പിന്നീട് ഓസീസ് സ്കോര്‍ 250 കടത്തിയത്.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ജന്നെമാന്‍ മലനും(23) ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡീകോ്കും(26) വലിയ സ്കോര്‍ നേടിയില്ലെങ്കിലും സമ്ടസിന്റെയും(84), കെയ്ല്‍ വെരിന്നെയുടെയും(50), ഹെന്‍റിച്ച് ക്ലാസന്റെും(68) ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക അനായാസം ലക്ഷ്യത്തിലെത്തി. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ സമ്പൂര്‍ണ വിജയം അടുത്ത ആഴ്ച ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആത്മവിശ്വാസം നല്‍കും.മാര്‍ച്ച് 12ന് ധര്‍മശാലയിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം.