161 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ടിന് ഒരിക്കല്‍ കൂടി അടിതെറ്റി. ഓപ്പണര്‍ അലക്സ് ലീസ്(35) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിന്തുണക്കാന്‍ ആരുമുണ്ടായില്ല.
ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ പുതിയ പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലത്തിന്‍റെ ആക്രണശൈലിയായ ബാസ് ബോള്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കക്ക് മുമ്പില്‍ ചെലവായില്ല. ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് ദിവസം കൊണ്ട് ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 12 റണ്‍സിനും തകര്‍ത്ത് ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 326 റണ്‍സ് മറികടക്കാന്‍ രണ്ട് ഇന്നിംഗ്സിലും ബാറ്റ് ചെയ്തിട്ടും ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്കായില്ല. ആദ്യ ഇന്നിംഗ്സില്‍ 165 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം 37.4 ഓവറില്‍ 149 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍ ഇംഗ്ലണ്ട് 165, 149, ദക്ഷിണാഫ്രിക്ക 326.
മൂന്നാം ദിനം 289-7 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക വാലറ്റക്കാരായ മാര്‍ക്കൊ ജാന്‍സന്‍റെയും(48) ആന്‍റിച്ച് നോര്‍ക്യയുടെയും(28*) പോരാട്ടവീര്യത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 326 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി സ്റ്റോക്സും ബ്രോഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മാത്യു പോട്ട് രണ്ട് വിക്കറ്റെടുത്തു.
161 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ടിന് ഒരിക്കല്‍ കൂടി അടിതെറ്റി. ഓപ്പണര്‍ അലക്സ് ലീസ്(35) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിന്തുണക്കാന്‍ ആരുമുണ്ടായില്ല. സാക്ക് ക്രോളി(13), ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോററായ ഒലി പോപ്പ്(5), ജോ റൂട്ട്(6), ജോണി ബെയര്‍സ്റ്റോ(18), ബെന്‍ സ്റ്റോക്സ്(20) എന്നിവര്‍ നിലയുറപ്പിക്കാതെ മടങ്ങിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്(35) നടത്തിയ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിന്‍റെ തോല്‍വിഭാരം കുറച്ചത്.
ദക്ഷിണാഫ്രിക്കക്കായി ആന്‍റിച്ച് നോര്‍ക്യ മൂന്നും കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രണ്ടന്‍ മക്കല്ലം പരിശീലകനായശേഷം ഇംഗ്ലണ്ടിന്‍റെ ആദ്യ തോല്‍വിയാണിത്. ക്രിക്കറ്റിന്‍റെ തറവാട്ടുമുറ്റത്ത് ഏറ്റ നാണംകെട്ട തോല്‍വി ഇംഗ്ലണ്ടിന്‍റെ ബാസ് ബോള്‍ ക്രിക്കറ്റ് ശൈലിക്കു കൂടി ഏറ്റ പ്രഹരമായി.
