ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക ജയം നേടി.
ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്. 38 പന്തില്‍ പുറത്താവാതെ 54 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് സിംബാബ്‌വെയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ജോര്‍ജ് ലിന്‍ഡെയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 15.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഞ്ച് വിക്കറ്റ് ജയം.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു. 38 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ലുവാന്‍ ഡ്രി പ്രിട്ടോറ്യൂസ് (0), റീസ ഹെന്‍ഡ്രിക്‌സ് (11), റാസി വാന്‍ ഡര്‍ ഡസ്സന്‍ (16) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റുകളും റിച്ചാര്‍ഡ് ഗവാരയ്ക്കായിരുന്നു. എന്നാല്‍ മധ്യനിര ദക്ഷിണാഫ്രിക്കയെ കാത്തു. റുബിന്‍ ഹെന്‍മാന്‍ (45) - ഡിവാള്‍ഡ് ബ്രേവിസ് (41) സഖ്യം 72 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതുതന്നെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായകമായതും. 17 പന്തുകള്‍ മാത്രം നേരിട്ട ബ്രേവിസ് അഞ്ച് സിക്‌സും ഒരു ഫോറും നേടി. ഇരുവരും പുറത്തായെങ്കിലും കോര്‍ബിന്‍ ബോഷ് (23) - ജോര്‍ജ് ലിന്‍ഡെ (3) സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഗവാര മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, റാസയ്ക്ക് പുറമെ ബ്രയാന്‍ ബെന്നറ്റ് (30), റ്യാന്‍ ബേള്‍ (29) എന്നിവര്‍ മാത്രമാണ് സിംബാബ്‌വെ നിരയില്‍ രണ്ടക്കം കണ്ടത്. വെസ്ലി മധവേരെ (1), ക്ലൈവ് മഡാന്‍ഡെ (8), തഷിങ്ക മുസെക്കിവ (9), മുന്യോഗ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വെല്ലിംഗ്ടണ്‍ മസകാഡ്‌സ (1) റാസയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് പോയിന്റായി. ബുധനാഴ്ച്ച ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാമത്തെ ടീമായ ന്യൂസിലന്‍ഡിനെ നേരിടും. മൂന്ന് ടീമുകളും പരസ്പരം രണ്ട് മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വരും.

