കറാച്ചി: പാകിസ്ഥാന്‍ പര്യടനത്തിന് തയ്യാറായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം. രണ്ട് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക പാകിസ്ഥാനില്‍ കളിക്കുക. ഇരു ടീമിന്റെ ക്രിക്കറ്റ് ബോര്‍ഡുകളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകള്‍ പാകിസ്ഥാന്‍ പര്യടനത്തിനെത്തിയിരുന്നു.

ജനുവരി 16നാണ് ദക്ഷിണാഫ്രിക്ക പാകിസ്ഥാനിലെത്തുക. ജനുവരി 26നന് കറാച്ചിയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി നാല് മുതല്‍ റാവല്‍പിണ്ടിയില്‍ നടക്കും. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയം മൂന്ന് ടി20 മത്സരങ്ങള്‍ക്കും വേദിയാവും. ഫെബ്രുവരി 11, 13, 14 തിയ്യതികളാണ് മത്സരം നടക്കുക. കറാച്ചില്‍ വിമാനമിറങ്ങുന്ന പാക് ടീം അവിടെ തന്നെ ക്വാറന്റൈനില്‍ കഴിയും. ഇതിനിടെ ഒരു സന്നാഹ മത്സരവും കളിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

2007ന് ശേഷം ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്ക് പാകിസ്ഥാന്‍ പര്യടനത്തിനൊരുങ്ങുന്നത്. കറാച്ചി ടെസ്റ്റ് 160 റണ്‍സിന് ജയിച്ച ദക്ഷിണാഫ്രിക്ക 1-0ത്തിന് പരമ്പര സ്വന്തമാക്കിയിരുന്നു. 2010, 2013 വര്‍ഷങ്ങളില്‍ യുഎഇയിലാണ്് ഇരുവരും പരമ്പര കളിച്ചത്. 1995ന് ശേഷം ഇരു ടീമുകളും 11 ടെസ്റ്റ് പരമ്പരകളില്‍ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ ഏഴിലും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ജയം. 2003ല്‍ പാകിസ്ഥാന്‍ പരമ്പര ജയിച്ചു. 

അടുത്ത കാലത്ത് പാകിസ്ഥാനില്‍ ഒട്ടേറെ ടീമുകള്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്നത് സന്തോഷമുളള കാര്യമാണെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഡയറക്റ്റര്‍ ഗ്രെയിം സ്മിത്ത് വ്യക്തമാക്കി.