27 വർഷത്തിനിടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്ന ആദ്യ ഐസിസി കിരീടമാണിത്.
ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ മാത്രമല്ല, ദൗര്‍ഭാഗ്യത്തെക്കൂടി തോല്‍പിച്ചാണ് ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായത്. ഫൈനലില്‍ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമയുടെ ഈ വാക്കുകളില്‍ എല്ലാമുണ്ട്. ലോകോത്തര താരങ്ങള്‍ നിരവധി ഉണ്ടായിട്ടും ക്രിക്കറ്റില്‍ ദൗര്‍ഭാഗ്യത്തിന്റെ സഹയാത്രികരായിരുന്നു ദക്ഷിണാഫ്രിക്ക. ഒടുവില്‍ ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്‌സില്‍ ബാവുമയും സംഘവും എല്ലാ കടന്പകളും അതിജീവിച്ചു.
ഒന്നും രണ്ടും പത്തുമല്ല നീണ്ട ഇരുപത്തിയേഴ് വര്‍ഷമാണ് ഈ നിമിഷത്തിനായി ദക്ഷിണാഫ്രിക്ക കാത്തിരുന്നത്. ഇന്ത്യ, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരെ നേരിട്ടാണ് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയത്. കിരീടപ്പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്കൊത്തെ എതിരാളികളല്ല ദക്ഷിണാഫ്രിക്ക എന്നായിരുന്നു വിമര്‍ശനം. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയപ്പോള്‍ വിമര്‍ശകര്‍ക്ക് ആവേശമായി. എന്നാല്‍ ലോര്‍ഡ്‌സ് സാക്ഷ്യം വഹിച്ചത് ക്രിക്കറ്റിലെ പുതുയുഗപ്പിറവിക്ക്.
കാഗിസോ റബാഡയും ലുംഗി എന്‍ഗിഡിയും മാര്‍ക്കോ യാന്‍സനും വീര്യംചോരാതെ പന്തെറിഞ്ഞപ്പോള്‍ ഓസീസ് ബാറ്റര്‍മാര്‍ നിലംപൊത്തി. എയ്ഡന്‍ മാര്‍ക്രവും ബവുമയും ദക്ഷിണാഫ്രിക്കയെ ചരിത്രവിജയത്തിലേക്ക് നയിച്ചത് പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, നേഥന്‍ ലയണ്‍ ബൗളിംഗ് നിരയെ അതിജീവിച്ച്. ദക്ഷിണാഫ്രിക്കയുടെ ലോകോത്തര താരങ്ങള്‍ക്കൊന്നും കഴിയാത്ത നേട്ടം പൊരുതി നേടിയപ്പോള്‍ ബാവുമയ്ക്ക് പ്രതീക്ഷയേറെ.
ഓസ്‌ട്രേലിയക്കെതിരെ ലോര്‍ഡ്സില്‍ അവസാനിച്ച മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 282 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 27 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്ന ആദ്യ ഐസിസി കിരീടമാണിത്. 136 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ തെംബ ബാവൂമയുടെ (66) ഇന്നിംഗ്സ് നിര്‍ണായകമായി.


