ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ജനുവരി 31നാണ് മത്സരം. 

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ഒരുക്കങ്ങള്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയോടെ. കിവീസിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ അവസാന ടി20 മത്സരം തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. അടുത്ത വര്‍ഷം ജനുവരി 11ന് ബറോഡയിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനത്തിന് ജനുവരി 14നാണ് രാജ്‌കോട്ട് വേദിയാകും. മൂന്നാം ഏകദിനം 18ന് ഇന്‍ഡോറില്‍ നടക്കും. ജനുവരി 21നാണ് ടി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്. നാഗ്പൂരിലാണ് മത്സരം. രണ്ടാം 23ന് റായ്പൂരില്‍ നടക്കും. 25ന് നടക്കുന്ന മൂന്നാം ടി20യ്ക്ക് ഗുവാഹത്തിയും വേദിയാകും. നാലാം ടി20 28ന് വിശാഖപട്ടണത്താണ്. ജനുവരി 31ന് നടക്കുന്ന മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക.

സീസണ്‍ ദുലീപ് ട്രോഫിയോടെ ആരംഭിക്കും

2025-26 ആഭ്യന്തര ക്രിക്കറ്റ് ദുലീപ് ട്രോഫിയോടെ (ഓഗസ്റ്റ് 28, 2025) ആരംഭിക്കും. രഞ്ജി ട്രോഫി ഒക്ടോബര്‍ 15 മുതല്‍ ഫെബ്രുവരി 28 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. പ്ലേറ്റ് ഗ്രൂപ്പില്‍ നിന്ന് ഒരു ടീമിനെ സ്ഥാനക്കയറ്റവും തരം താഴ്ത്തലും കാണുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തും.

പ്രധാന മാറ്റങ്ങള്‍

1. ദുലീപ് ട്രോഫി, സീനിയര്‍ വനിതാ ചലഞ്ചര്‍ ടൂര്‍ണമെന്റുകള്‍ ഇനി മുതല്‍ ആറ് സോണല്‍ ടീമുകള്‍ തമ്മിലായിരിക്കും മത്സരിക്കുക.

2. പ്ലേറ്റ് / ഗ്രൂപ്പ് പുനഃസംഘടന വിവിധ പ്രായ വിഭാഗങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ റാങ്കിംഗിനെ അടിസ്ഥാനമാക്കി ഏറ്റവും താഴെയുള്ള 6 ടീമുകള്‍ ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റുകളില്‍ പ്ലേറ്റ് ഗ്രൂപ്പില്‍ ഉള്‍പ്പെടും.

3. പ്രൊമോഷന്‍ / റലഗേഷന്‍ നിയമങ്ങള്‍ മാറ്റം വരുത്തി. എലൈറ്റ്, പ്ലേറ്റ് ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്ന് ഇനി ഒരു ടീമിനെ മാത്രമേ പ്രൊമോഷന്‍ / റലഗേറ്റ് ചെയ്യുകയുള്ളൂ.

4. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സീനിയര്‍ വനിതാ ടി20 ട്രോഫിയിലും ഇനി പരമ്പരാഗത നോക്കൗട്ടിന് പകരം സൂപ്പര്‍ ലീഗ് ഘട്ടം ഉള്‍പ്പെടും.

5. വിജയ് ഹസാരെ ട്രോഫി, സീനിയര്‍ വനിതാ വണ്‍ ഡേ ട്രോഫി, പുരുഷന്മാരുടെ അണ്ടര്‍ 23 സ്റ്റേറ്റ് എ ട്രോഫി തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകള്‍ 4 എലൈറ്റ് ഗ്രൂപ്പുകള്‍ + 1 പ്ലേറ്റ് ഗ്രൂപ്പ് മാതൃക പിന്തുടരും.

6. മിക്ക ജൂനിയര്‍, വനിതാ ടൂര്‍ണമെന്റുകളും (U16, U19, U23) 5 എലൈറ്റ് + 1 പ്ലേറ്റ് ഗ്രൂപ്പ് ഘടനയിലേക്ക് മാറ്റി.

YouTube video player