Asianet News MalayalamAsianet News Malayalam

അടിച്ചുതകര്‍ത്ത് ഡി കോക്ക്; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര സമനിലയില്‍

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര സമനിലയില്‍ അവസാനിച്ചു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 ദക്ഷിണാഫ്രിക്ക ജയിച്ചതോടെ പരമ്പര 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു.

South Africa drew with South Africa in T20 series
Author
Bangalore, First Published Sep 22, 2019, 10:07 PM IST

ബംഗളൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര സമനിലയില്‍ അവസാനിച്ചു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 ദക്ഷിണാഫ്രിക്ക ജയിച്ചതോടെ പരമ്പര 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഒമ്പത് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് (52 പന്തില്‍ 79 ) വിജയം എളുപ്പമാക്കിയത്.

26 പന്തില്‍ 28 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്‌സിന്റെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. തെംബ ബവുമ (23 പന്തില്‍ 27) പുറത്താവാതെ നിന്നു. ആറ് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്‌സ്. മൊഹാലിയില്‍ നടന്ന രണ്ടാം ടി20യിലും ഡി കോക്ക് അര്‍ധ സെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വീണ ഒരേയൊരു വിക്കറ്റ് ഹാര്‍ദിക് പാണ്ഡ്യ സ്വന്തമാക്കി. 

നേരത്തെ, കഗിസോ റബാദയുടെ മൂന്നും ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ രണ്ട് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ സ്‌കോര്‍ ഇഴഞ്ഞു. 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (9), വിരാട് കോലി (9), ഋഷഭ് പന്ത് (19), ശ്രേയസ് അയ്യര്‍ (5), ക്രുനാല്‍ പാണ്ഡ്യ (4), രവീന്ദ്ര ജഡേജ (19) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. രോഹിത്തിനെ ഹെന്‍ഡ്രിക്‌സ് സ്ലിപ്പില്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കൈകളിലെത്തിച്ചു. ധവാനാവട്ടെ ഷംസിയെ പൊക്കിയടിക്കാനുള്ള ശ്രമത്തില്‍ തെംബ ബവൂമയ്ക്ക് ക്യാച്ച് നല്‍കി. റബാദക്കെതിരെ സിക്‌സ് നേടാനുള്ള ശ്രമത്തില്‍ കോലി ബൗണ്ടറി ലൈനില്‍ ഫെഹ്‌ലുക്വായുടെ കൈകളില്‍ ഒതുങ്ങി. 

നല്ല തുടക്കം ലഭിച്ചെങ്കിലും പന്ത് ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ബോണ്‍ ഫോര്‍ടിന്റെ പന്തില്‍ ഫെഹ്‌ലുക്വായോയ്ക്ക ക്യാച്ച് നല്‍കുകയായിരുന്നു പന്ത്. തൊട്ടടുത്ത പന്തില്‍ ശ്രേയസും മടങ്ങി. വിക്കറ്റ് കീപ്പര്‍ ക്വന്റണ്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഏഴ് പന്ത് മാത്രം നേരിട്ട ക്രുനാലിനെ ഹെന്‍ഡ്രിക്‌സ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.

റബാദയ്ക്കും ഹെന്‍ഡ്രിക്‌സിനും പുറമെ ഫോര്‍ടിനും രണ്ട് വിക്കറ്റ് വീഴ്ത്തി. തബ്രൈസ് ഷംസിക്ക് ഒരു വിക്കറ്റുണ്ട്.

Follow Us:
Download App:
  • android
  • ios