ബംഗളൂരു: ഇന്ത്യക്കെതിരെ മൂന്നാം ടി20യില്‍ 135 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. 10 ഓവര്‍ പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ വിക്കറ്റ് നഷ്ടമില്ലാതെ 76 റണ്‍സെടുത്തിട്ടുണ്ട്. ക്വിന്റണ്‍ ഡി കോക്ക് (44), റീസ ഹെന്‍ഡ്രിക്‌സ് (28) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. കഗിസോ റബാദയുടെ മൂന്നും ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ രണ്ട് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

നേരത്തെ ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ സ്‌കോര്‍ ഇഴഞ്ഞു. 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (9), വിരാട് കോലി (9), ഋഷഭ് പന്ത് (19), ശ്രേയസ് അയ്യര്‍ (5), ക്രുനാല്‍ പാണ്ഡ്യ (4), രവീന്ദ്ര ജഡേജ (19) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. രോഹിത്തിനെ ഹെന്‍ഡ്രിക്‌സ് സ്ലിപ്പില്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കൈകളിലെത്തിച്ചു. ധവാനാവട്ടെ ഷംസിയെ പൊക്കിയടിക്കാനുള്ള ശ്രമത്തില്‍ തെംബ ബവൂമയ്ക്ക് ക്യാച്ച് നല്‍കി. റബാദക്കെതിരെ സിക്‌സ് നേടാനുള്ള ശ്രമത്തില്‍ കോലി ബൗണ്ടറി ലൈനില്‍ ഫെഹ്‌ലുക്വായുടെ കൈകളില്‍ ഒതുങ്ങി. 

നല്ല തുടക്കം ലഭിച്ചെങ്കിലും പന്ത് ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ബോണ്‍ ഫോര്‍ടിന്റെ പന്തില്‍ ഫെഹ്‌ലുക്വായോയ്ക്ക ക്യാച്ച് നല്‍കുകയായിരുന്നു പന്ത്. തൊട്ടടുത്ത പന്തില്‍ ശ്രേയസും മടങ്ങി. വിക്കറ്റ് കീപ്പര്‍ ക്വന്റണ്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഏഴ് പന്ത് മാത്രം നേരിട്ട് ക്രുനാലിനെ ഹെന്‍ഡ്രിക്‌സ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.

ഹെന്‍ഡ്രിക്‌സിന് പുറമെ ഫോര്‍ടിനും റബാദയും രണ്ട് വിക്കറ്റ് വീഴ്ത്തി. തബ്രൈസ് ഷംസിക്ക് ഒരു വിക്കറ്റുണ്ട്. നേരത്തെ, മൊഹാലിയില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത് ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റീസ ഹെന്‍ഡ്രിക്‌സ് ടീമിലെത്തിയപ്പോള്‍ ആന്റിച്ച് നോര്‍ജെ പുറത്തുപോയി. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. മൊഹാലിയില്‍ നടന്ന രണ്ടാം മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു.