സെഞ്ചൂറിയന്‍: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക ജയസാധ്യത. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക നേടിയ 396നെതിരെ ദക്ഷിണാഫ്രിക്ക ആറിന് 621 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 225 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക മൂന്നംദിനം സ്റ്റംപെടുക്കുമ്പോല്‍ രണ്ടിന് 65 എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയെ ഇനിയും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ ശ്രീലങ്ക 160 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കണം.

ഇരട്ട സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വിക്കറ്റ് കളഞ്ഞ ഫാഫ് ഡു പ്ലെസിസ് ആയിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ ആകര്‍ഷണം. 276 പന്തില്‍ 24  ബൗണ്ടറികളുടെ സഹായത്തോടെയാണ് വെറ്ററന്‍ താരം 199 റണ്‍സെടുത്തത്. വാനിഡു ഹസരംഗയുടെ പന്തില്‍ ദിമുത് കരുണാരത്‌നെ ക്യാച്ചെടുത്തതോടെ ഫാഫിന് നിരാശനായി മടങ്ങേണ്ടിവന്നു. ഡീന്‍ എല്‍ഗാര്‍ (95), കേശവ് മഹാരാജ് (73), തെംബ ബവൂമ (71), എയ്ഡന്‍ മാര്‍ക്രം (68) എന്നിവരാണ് ടീമിന്റെ പ്രധാന സ്‌കോറര്‍മാര്‍. ഹസരംഗ ലങ്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി. വിശ്വ ഫെര്‍ണാണ്ടോ മൂന്നും ദസുന്‍ ഷനക രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ കരുണാരത്‌നെ (6), കുശാല്‍ മെന്‍ഡിസ് (0) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. കുശാല്‍ പെരേര (33), ദിനേശ് കാര്‍ത്തിക് (21) എന്നിവരാണ് ക്രീസില്‍. ലുംഗി എന്‍ഗിഡിയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.