കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് അത്ര നല്ലതായിരുന്നില്ല ദക്ഷിണാഫ്രിക്കയുടെ തുടക്കം.

കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചായ മൂന്നാം മത്സരത്തിലും തോല്‍വി. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് 38.2 ഓവറില്‍ 179 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍കോ ജാന്‍സന്‍, വിയാന്‍ മള്‍ഡര്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 37 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 29.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 72 റണ്‍സ് നേടിയ റാസി വാന്‍ ഡര്‍ ഡസ്സന്‍, ഹെന്റിച്ച് ക്ലാസന്‍ (64) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ ഗ്രൂപ്പ് ചാംപ്യന്മാരായി ദക്ഷിണാഫ്രിക്ക സെമി ഫൈനലിന് യോഗ്യത നേടി.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് അത്ര നല്ലതായിരുന്നില്ല ദക്ഷിണാഫ്രിക്കയുടെ തുടക്കം. ഓപ്പണര്‍മാരായ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (0), റ്യാന്‍ റിക്കിള്‍ട്ടണ്‍ (27) എന്നിവരെ ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ഡാക്കി. ഇതോടെ രണ്ടിന് 47 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. എന്നാല്‍ റാസി - ക്ലാസന്‍ സഖ്യം നാലാം വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിചേര്‍ത്തതോടെ മത്സരം ദക്ഷിണാഫ്രിക്കയുടെ വരുതിയിലായി. ക്ലാസനെ പുറത്താക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിലെങ്കിലും ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് റാസി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റ് ഇംഗ്ലണ്ട് പുറത്തായി. ജോസ് ബട്‌ലര്‍ ക്യാപ്റ്റനായി ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്ന അവസാന മത്സരം കൂടിയായിരുന്നു ഇത്.

ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയുടെ എതിരാളി ആരെന്നറിയില്ല; ഓസീസും ദക്ഷിണാഫ്രിക്കയും ദുബായിലെത്തും

നേരത്തെ, ആദ്യം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ മൂന്നിന് 37 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിലിപ്പ് സാള്‍ട്ട് (8) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ ജാന്‍സന് വിക്കറ്റ് നല്‍കുകയായിരുന്നും താരം. തന്റെ രണ്ടാം ഓവറില്‍ ജാമി സ്മിത്തിനേയും ജാന്‍സന്‍ മടക്കി. ഏഴാം ഓവറിന്റെ ബെന്‍ ഡക്കിന്റെ വിക്കറ്റ് കൂടി സ്വന്തമാക്കി ടോപ് ഓര്‍ഡറിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കി. പിന്നീട് ജോ റൂട്ട് (37) ഹാരി ബ്രൂക്ക് (19) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ടീമിന്റെ രക്ഷകരാകുമെന്ന് കരുതിയിരിക്കെയാണ് ബ്രൂക്കിനെ, മഹാരാജ് പുറത്താക്കുന്നത്. സ്‌കോര്‍ 103ല്‍ നിന്ന് റൂട്ട് വിയാന്‍ മള്‍ഡറുടെ പന്തിലും മടങ്ങി. ലിയാം ലിവിംഗ്സ്റ്റണ്‍ (9), ജാമി ഓവര്‍ട്ടോണ്‍ (11) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. 

ബട്ലര്‍ - ജോഫ്ര ആര്‍ച്ചര്‍ (25) സഖ്യം ചെറിയ ചെറുത്തുനില്‍പ്പ് നടത്തി. ഇരുവരും 41 റണ്‍സ് കൂട്ടിചേര്‍ത്തു. ആര്‍ച്ചര്‍ മടങ്ങിയതിന് പിന്നാലെ ബട്ലറും പവലിയനില്‍ തിരിച്ചെത്തി. ആദില്‍ റഷീദാണ് (2) പുറത്തായ മറ്റൊരു താരം. സാകിബ് മെഹ്‌മൂദ് (5) പുറത്താവാതെ നിന്നു.