ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 400+ സ്‌കോര്‍ നേടുന്ന ടീമും ദക്ഷിണാഫ്രിക്കയായി. മൂന്നാം തവണയാണ് അവര്‍ 400 കടക്കുന്നത്. ഓരോ തവണ 400 കടന്ന ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് പിന്നില്‍.
ദില്ലി: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക റണ്‍മല തീര്‍ത്തപ്പോള്‍ ചില റെക്കോര്‍ഡുകളും പിറന്നു. ക്വിന്റണ്‍ ഡി കോക്ക് (100), റാസി വാന്‍ ഡര്‍ ഡസ്സന്‍ (108), എയ്ഡന്‍ മാര്‍ക്രം (106) എന്നിവര്‍ സെഞ്ചുറി നേടിയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഏകദിന ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2015ല്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ നേടിയ ആറിന് 417 എന്ന സ്‌കോറാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 2007ല്‍ ബെര്‍മുഡയ്‌ക്കെതിരെ ഇന്ത്യ നേടിയ 413/5, 2015ല്‍ അയര്‍ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 411/4, അതേ ലോകകപ്പില്‍ വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 408/5 എന്നിവയാണ് പട്ടികയിലുള്ള മറ്റു മികച്ച ടീം ടോട്ടലുകള്‍.
ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 400+ സ്‌കോര്‍ നേടുന്ന ടീമും ദക്ഷിണാഫ്രിക്കയായി. മൂന്നാം തവണയാണ് അവര്‍ 400 കടക്കുന്നത്. ഓരോ തവണ 400 കടന്ന ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് പിന്നില്‍. ഏകദിനത്തില്‍ എട്ടാം തവണയാണ് ദക്ഷിണാഫ്രിക്ക 400 കടക്കുന്നത്. ഏറ്റവും കൂടുതല്‍ 400+ നേടിയ ടീമും അവര്‍ തന്നെ. ഇന്ത്യ (6), ഇംഗ്ലണ്ട് (5), ഓസ്‌ട്രേലിയ, ശ്രീലങ്ക (2) എന്നിവരാണ് പിന്നില്‍. ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ടീം ടോട്ടലാണിത്. 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 439/2, 2006ല്‍ ഓസീസിനെതിരെ 438/9, 2015ല്‍ ഇന്ത്യക്കെതിരെ 438/4 എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ശ്രീലങ്കയ്‌ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും മികച്ച ടീം ടോട്ടല്‍ കൂടിയാണിത്. 2009ല്‍ ഇന്ത്യ നേടിയ ഏഴിന് 414 എന്ന സ്‌കോറാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.
ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടക്കത്തില്‍ തന്നെ തെംബ ബവൂമയുടെ (10) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡി കോക്ക് - വാന്‍ ഡര്‍ ഡസ്സന്‍ സഖ്യം മത്സരത്തിന്റെ ഗതി മാറ്റി. ഡസ്സന്‍ വിക്കറ്റ് പോവാതെ കാത്തപ്പോള്‍ ഡി കോക്ക് അക്രമിച്ച് തന്നെ കളിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 204 റണ്‍സ് കൂട്ടിചേര്‍ത്തു. ഡി കോക്കാണ് ആദ്യം മടങ്ങുന്നത് 84 പന്തുകള്‍ നേരിട്ട ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ 12 ഫോറും മൂന്ന് സിക്സും നേടി. വൈകാതെ ഡസ്സനും സെഞ്ചുറി പൂര്‍ത്തിയാക്കി. 110 പന്തില്‍ രണ്ട് സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡസ്സന്റെ ഇന്നിംഗ്സ്.
മാര്‍ക്രത്തോടൊപ്പം 50 റണ്‍സ് കൂട്ടിചേര്‍ത്താണ് ഡസ്സന്‍ മടങ്ങുന്നത്. തുടര്‍ന്ന് ശ്രീലങ്കന്‍ ബൗളര്‍മാര്‍ മാര്‍ക്രമിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇതിനിടെ ഹെന്റിച്ച് ക്ലാസനും (20 പന്തില്‍ 32) നിര്‍ണായക പ്രകടനം നടത്തി. മാര്‍ക്രത്തോടൊപ്പം 78 റണ്‍സ് ചേര്‍ത്ത ശേഷമാണ് ക്ലാസന്‍ മടങ്ങുന്നത്. വൈകാതെ മാര്‍ക്രം സെഞ്ചുറിയും പൂര്‍ത്തിയാക്കി. 54 പന്തില്‍ മൂന്ന് സിക്സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയും മാര്‍ക്രം സ്വന്തമാക്കി.
മധുഷങ്കയ്ക്ക് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങുന്നത്. പിന്നീട് ഡേവിഡ് മില്ലര്‍ (39) മാര്‍കോ ജാന്‍സന്‍ (12) സഖ്യം സ്‌കോര്‍ 400 കടത്തി. കശുന്‍ രജിത, മതീഷ പതിരാന, ദുനിത് വെല്ലാലഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
