നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരെ ഇന്ത്യ 201 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മാര്‍കോ യാന്‍സനാണ് ഇന്ത്യയെ തകര്‍ത്തത്.

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ആധിപത്യം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 201 റണ്‍സില്‍ അവസാനിപ്പിച്ച് 288 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങി. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തിയപ്പോള്‍ രണ്ടാം ഇന്നിംഗ്ലില്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലിയാണ്.

13 റണ്‍സോടെ റിയാന്‍ റിക്കിള്‍ടണും 12 റണ്‍സോടെ ഏയ്ഡന്‍ മാര്‍ക്രവും ക്രീസില്‍. രണ്ട് ദിനവും 10 വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ഇപ്പോള്‍ 314 റണ്‍സിന്‍റെ ലീഡുണ്ട്. നാലാം ദിനം ആദ്യ രണ്ട് സെഷനുകള്‍ കൂടി ബാറ്റ് ചെയ്ത് 500ന് അടുത്ത് വിജയലക്ഷ്യം നല്‍കി ഈ ടെസ്റ്റില്‍ തോല്‍ക്കില്ലെന്ന് ഉറപ്പാക്കാനാവും ഇനി ദക്ഷിണാഫ്രിക്കയുടെ ശ്രമം. പിന്നീട് അവസാന സെഷനിലും അവസാന ദിനം മൂന്ന് സെഷനിലും കൂടി ഇന്ത്യയെ എറിഞ്ഞിട്ടാല്‍ ദക്ഷിണാഫ്രിക്കക്ക് 2-0ന് പരമ്പര സ്വന്തമാക്കാനാവും.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരെ ഇന്ത്യ 201 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മാര്‍കോ യാന്‍സനാണ് ഇന്ത്യയെ തകര്‍ത്തത്. സിമോണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (48), കുല്‍ദീപ് യാദവ് (134 പന്തില്‍ 19) എന്നിവര്‍ വലിയ രീതിയിലുള്ള ചെറുത്തുനില്‍പ്പ് നടത്തി. നേരത്തെ സെനുരാന്‍ മുത്തുസാമി (109), മാര്‍കോ യാന്‍സന്‍ (93) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കുല്‍ദീപ് യാദവ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.

ആദ്യ സെഷനില്‍ നാല് വിക്കറ്റ്

വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ക്രീസിലെത്തിയത്. വ്യക്തിഗത സ്‌കോറിനോട് 20 റണ്‍സ് കൂടി ചേര്‍ത്ത് കെ എല്‍ രാഹുല്‍ (22) ഇന്ന് ആദ്യം മടങ്ങി. മഹാരാജിന്‍റെ പന്തില്‍ സ്ലിപ്പില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. ജയ്‌സ്വാളിനൊപ്പം 65 റണ്‍സാണ് രാഹുല്‍ ചേര്‍ത്തത്. വൈകാതെ യശ്വസി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ ജയ്‌സ്വാളിന് (58) സാധിച്ചില്ല. ഹാര്‍മറിന്‍റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ യാന്‍സന് ക്യാച്ച് നല്‍കി. മൂന്നാമതായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ (15) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇത്തവണ ഹാര്‍മറിന്‍റെ പന്തില്‍ മിഡ് വിക്കറ്റില്‍ റിയാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ചെടുത്തു. തുടക്കം മുതല്‍ ക്രീസില്‍ ബുദ്ധിമുട്ടിയ ധ്രുവ് ജുറല്‍ യാന്‍സണിനെതിരെ പുള്‍ ഷോട്ട് കളിക്കുന്നതിനിടെ വിക്കറ്റ് നല്‍കി. വൈഡ് മിഡ് ഓണില്‍ മഹാരാജിന് ക്യാച്ച്. ഇതോടെ നാലിന് 102 എന്ന നിലയിലായി ഇന്ത്യ.

പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞു

അനാവശ്യ ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്ത് (7) വിക്കറ്റ് വലിച്ചെറിഞ്ഞാണ് രണ്ടാം സെഷന് തുടക്കമിട്ടത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍കോ യാന്‍സണിനെതിരെ ക്രീസ് വിട്ട് സിക്‌സടിക്കാന്‍ ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പര്‍ കെയ്ന്‍ വെറെയ്‌നേയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഔട്ടായതില്‍ സംശയം തോന്നിയ പന്ത് റിവ്യൂ എടുക്കുകയും ചെയ്തു. ഔട്ടാണെന്ന് തെളിഞ്ഞതോടെ ഒരു റിവ്യു ഇന്ത്യക്ക് നഷ്ടമായി. പന്ത് മടങ്ങിയതിന് പിന്നാലെ നിതീഷ് കുമാര്‍ റെഡ്ഡി (10), രവീന്ദ്ര ജഡേജ (6) എന്നിവരുടെ വിക്കറ്റുകളും പിന്നാലെ ഇന്ത്യക്ക് നഷ്ടമായി. നീതീഷിനെ യാന്‍സന്‍റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം ഒരു മുഴുനീളെ ഡൈവിംഗിലൂടെ ക്യാച്ചെടുത്ത് മടക്കി. ജഡേജയും സ്ലിപ്പില്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കി മടങ്ങി.

കുല്‍ദീപ് - വാഷി സഖ്യത്തിന്‍റെ ചെറുത്തുനില്‍പ്പ്

മുന്‍നിര താരങ്ങളെ നാണിപ്പിക്കുന്ന വിധത്തിലുള്ള ചെറുത്തുനില്‍പ്പാണ് വാഷിംഗ്ടണും കുല്‍ദീപും പുറത്തെടുത്തത്. 122-7 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിചേത്ത് 194ല്‍ എച്ചിച്ചു. 34 ഓവറുകൾ ഇരുവരും ബാറ്റ് ചെയ്തു. സുന്ദറിനെ പുറത്താക്കി ഹാര്‍മറാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. സുന്ദറിന് പിന്നാലെ കുല്‍ദീപും കൂടാരം കയറി. യാന്‍സന്‍റെ പന്തില്‍ സ്ലിപ്പില്‍ മാര്‍ക്രമിന് ക്യാച്ച്. തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ കൂടി പുറത്താക്കി യാന്‍സന്‍ ആറ് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മുഹമ്മദ് സിറാജ് (2) പുറത്താവാതെ നിന്നു. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 489 റണ്‍സെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക