Asianet News MalayalamAsianet News Malayalam

ഡീന്‍ എല്‍ഗാറിന് സെഞ്ചുറി! ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു; സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ലീഡ്

മറുപടി ബാറ്റിംഗില്‍ എയ്ഡന്‍ മാര്‍ക്രത്തെ (5) വേഗത്തില്‍ മടക്കാന്‍ ഇന്ത്യക്കായി. തുടര്‍ന്ന് എല്‍ഗാര്‍ - ടോണി ഡി സോര്‍സി സഖ്യം 93 റണ്‍സ് ചേര്‍ത്തു.

South Africa took lead against india in centurion Test
Author
First Published Dec 27, 2023, 10:47 PM IST

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 11 റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡ്. സെഞ്ചൂറിയനില്‍ രണ്ടാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തിട്ടുണ്ട്. 140 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന ഡീന്‍ എല്‍ഗാറാണ് ആതിഥേയരെ നയിക്കുന്നത്. നേരത്തെ ഇന്ത്യയുടെ ഇന്നിംഗ്‌സ് 245ന് അവസാനിച്ചിരുന്നു. 101 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയെ ഭേദപ്പെട്ട് സ്‌കോറിലേക്ക് നയിച്ചത്. കഗിസോ റബാദ അഞ്ച് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ എയ്ഡന്‍ മാര്‍ക്രത്തെ (5) വേഗത്തില്‍ മടക്കാന്‍ ഇന്ത്യക്കായി. തുടര്‍ന്ന് എല്‍ഗാര്‍ - ടോണി ഡി സോര്‍സി സഖ്യം 93 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 28 റണ്‍സെടുത്ത സോര്‍സിയെ പുറത്താക്കി ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. കീഗന്‍ പീറ്റേഴ്‌സണേയും (2) ബുമ്ര മടക്കി. ഇതോടെ ദക്ഷിണാഫ്രിക്ക മൂന്നിന് 113 എന്ന നിലയിലായി. എന്നാല്‍ എല്‍ഗര്‍ - ഡേവിഡ് ബെഡിഗ്ഹാം സഖ്യം 131 കൂട്ടിചേര്‍ത്തു. ഇതുതന്നെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. ഡേവിഡിനേയും പിന്നാലെ വന്ന കെയ്ന്‍ കെയ്ല്‍ വെറെയ്‌നേയേയും (3) ചെറിയ ഇടവേളകളില്‍ മടക്കിയത് മാത്രമാണ് ഇന്ത്യക്ക് ആശ്വാസം. എല്‍ഗാറിനൊപ്പം മാര്‍കോ ജാന്‍സന്‍ (3) ക്രീസിലുണ്ട്. എല്‍ഗര്‍ 23 ബൗണ്ടറികള്‍ നേടി. 

നേരത്തെ, എട്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിക്കുന്നത്. രാഹുല്‍ 70 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ഇന്ന് തുടക്കം മുതല്‍ ആക്രമിച്ച കളിച്ച വേഗത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. രാഹുല്‍ വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കെ മുഹമ്മദ് സിറാജ് (5) മടങ്ങിയിരുന്നു. എന്നാല്‍ പ്രസിദ്ധ് കൃഷണയെ (0) കൂട്ടുപിടിച്ച് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 95ല്‍ നില്‍ക്കെ ജെറാള്‍ഡ് കോട്സീക്കിതെിരെ സിക്സ് നേടിയാണ് രാഹുല്‍ സെ്ഞ്ചുറി പൂര്‍ത്തിയാക്കുന്നത്. അടുത്ത ഓവറില്‍ താരം പുറത്താവുകയും ചെയ്തു. കരിയറില്‍ രാഹുലിന്റെ എട്ടാം സെഞ്ചുറിയാണിത്. സെഞ്ചൂറിയനില്‍ രണ്ടാമത്തേതും. 137 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്സും 14 ഫോറും നേടിയിരുന്നു.

നേരത്തെ, ആദ്യ സെഷനില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ചാം ഓവറില്‍ തന്നെ രോഹിത് ശര്‍മ (5) മടങ്ങി. റബാദയെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ ബര്‍ഗര്‍ക്ക് ക്യാച്ച്. വൈകാതെ യഷസ്വി ജെയ്‌സ്വാളും (17) കൂടാരം കയറി. മൂന്നാമനായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലിനും (2) തിളങ്ങാനായില്ല. ഇരുവരേയും ബര്‍ഗര്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയുടെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റില്‍ വിരാട് കോലി (38)  ശ്രേയസ് അയ്യര്‍ (31) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇരുവരും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ലഞ്ച് കഴിഞ്ഞുള്ള ആദ്യ ഓവറില്‍ തന്നെ ശ്രേയസിനെ റബാദ ബൗള്‍ഡാക്കി. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. പിന്നീട് കോലിയേയും റബാദ തന്നെ മടക്കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ആര്‍ അശ്വിന് (8) തിളങ്ങാനായില്ല. പിന്നീട് രാഹുല്‍ - ഷാര്‍ദുല്‍ ഠാക്കൂര്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കൂട്ടുകെട്ട് ഉയരുമ്പോള്‍ ഷാര്‍ദൂലിനെ പുറത്താക്കി റബാദ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ജസ്പ്രിത് ബുമ്രയെ (1) മാര്‍കോ യാന്‍സന്‍ ബൗള്‍ഡാക്കി.

ദിമിത്രിയോസിന്റെ ഗോളില്‍ മോഹന്‍ ബഗാനെ അവരുടെ മണ്ണില്‍ തീര്‍ത്തു! കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലില്‍ ഒന്നാമത്
 

Latest Videos
Follow Us:
Download App:
  • android
  • ios