സെഞ്ചൂറിയന്‍: കരിയറിലെ 150-ാം ടെസ്റ്റ് മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ്. ഐതിഹാസിക മത്സരത്തില്‍ സ്വപ്‌നതുടക്കവുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് പേസ് ജീനിയസ് ജയിംസ് ആന്‍ഡേഴ്‌സണ്‍. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിലാണ് ആന്‍ഡേഴ്‌സന്‍റെ നേട്ടം. 

ഇതോടെ ഈ ദശാബ്‌ദത്തില്‍ ഒരു ടെസ്റ്റിന്‍റെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന അഞ്ചാമത്തെ മാത്രം ബൗളറെന്ന നേട്ടത്തിലെത്തി ജിമ്മി. ശ്രീലങ്കയുടെ സുരംഗ ലക്‌മല്‍, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ലക്‌മല്‍ ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കി. 

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് തുടങ്ങിയത് ഡീന്‍ എല്‍ഗാറും എയ്‌ഡന്‍ മര്‍ക്രാമും ചേര്‍ന്നാണ്. ജിമ്മി ആന്‍ഡേഴ്‌സണിന്‍റെ ആദ്യ പന്ത് നേരിടുന്നത് എല്‍ഗാര്‍. ജിമ്മിയുടെ അളന്നുമുറിച്ച പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടിച്ച് എല്‍ഗാര്‍ പുറത്താവുകയായിരുന്നു. വിക്കറ്റ് കണ്ട് പിഞ്ചിരിച്ചുകൊണ്ട് നടന്നനീങ്ങിയ ആന്‍ഡേഴ്‌സന്‍റെ മുഖത്ത് അമ്പരപ്പ് പ്രകടമായിരുന്നു. 

മത്സരത്തോടെ ഇംഗ്ലണ്ടിനായി 150 ടെസ്റ്റുകള്‍ കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി ആന്‍ഡേഴ്‌സണ്‍. 161 മത്സരങ്ങള്‍ കളിച്ച മുന്‍ നായകന്‍ സര്‍ അലിസ്റ്റര്‍ കുക്ക് മാത്രമാണ് ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്. ആകെ താരങ്ങളില്‍ ഏഴാം സ്ഥാനമാണ് മത്സരങ്ങളുടെ എണ്ണത്തില്‍ ജിമ്മിക്ക്. 200 ടെസ്റ്റുകള്‍ കളിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ തലപ്പത്ത്. 

സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ച ഇംഗ്ലണ്ട് തുടക്കത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗാറിനെയും എയ്‌ഡന്‍ മര്‍ക്രാമിനെയും പുറത്താക്കാനായി. 20 റണ്‍സെടുത്ത മര്‍ക്രാമിനെ സാം കറന്‍ ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചു. 15 ഓവര്‍ പിന്നിടുമ്പോള്‍ 45-2 എന്ന സ്‌കോറിലാണ് പ്രോട്ടീസ്. നായകന്‍ ഫാഫ് ഡുപ്ലസിയും(2*), സുബൈര്‍ ഹംസയും(22*) ആണ് ക്രീസില്‍.