ലണ്ടന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിലും ആധികാരിക ജയവുമായി ഇംഗ്ലണ്ട് ട20 പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തപ്പോള്‍ ഒരു പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 146/6, ഇംഗ്ലണ്ട് 19.5 ഓവറില്‍ 147/6. ആദ്യ ടി20യില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ചൊവ്വാഴ്ച നടക്കും.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റന്‍ ക്വിന്‍റണ്‍ ഡീകോക്കും(18 പന്തില്‍ 30), വാന്‍ഡര്‍ ദസ്സനും(25), ജോര്‍ജ് ലിന്‍ഡെ(20 പന്തില്‍ 29) മാത്രമെ ബാറ്റിംഗില്‍ തിളങ്ങിയുള്ളു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആര്‍ച്ചറും ടോം കറനും ക്രിസ് ജോര്‍ദ്ദാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വലിയ വിജയലക്ഷ്യമല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ജേസണ്‍ റോയ്(14) നിലയുറപ്പിക്കാതെ മടങ്ങിയതിന് പിന്നാലെ  ജോസ് ബട്‌ലറും(22), കഴിഞ്ഞ മത്സരത്തിലെ താരം ജോണി ബെയര്‍ സ്റ്റോ(3)യും വീണതോടെ 55/3 ലേക്ക് ഇംഗ്ലണ്ട് വീണു. ഒരറ്റത്ത് നിലയുറപ്പിച്ച ഡേവിഡ് മലന്‍(55) ബെന്‍ സ്റ്റോക്സിനെയും(16), ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെയും(26*) കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിലായെങ്കിലും ക്രിസ് ജോര്‍ദ്ദാനെ കൂട്ടുപിടിച്ച് മോര്‍ഗന്‍ ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിച്ചു.