ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്യുകയായിരുന്നു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ (South Africa vs India 1st Test) ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ (Team India Playing XI) അജിങ്ക്യ രഹാനെ ഉള്‍പ്പെടില്ല എന്നാണ് നിരവധി പേര്‍ വിശ്വസിച്ചിരുന്നത്. ഫോമില്ലായ്‌മ അലട്ടുന്ന രഹാനെയ്‌ക്ക് (Ajinkya Rahane) പകരം ശ്രേയസ് അയ്യരെയോ (Shreyas Iyer) ഹനുമ വിഹാരിയേയോ (Hanuma Vihari) കളിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പരിചയസമ്പത്ത് മുന്‍നിര്‍ത്തി രഹാനെയ്‌ക്ക് ഒരവസരം കൂടി നല്‍കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് തീരുമാനിച്ചു. ഈ ഇന്ത്യന്‍ തീരുമാനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍താരങ്ങള്‍. 

ആകാശ് ചോപ്ര പറഞ്ഞത്

'ശ്രേയസ് അയ്യര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കണ്ടെത്താനായില്ല. അജിങ്ക്യ രഹാനെയെ കളിപ്പിക്കാനായിരുന്നു തീരുമാനം. ഇത് രഹാനെയ്‌ക്ക് അവസാന അവസരമാണ് എന്ന് തോന്നുന്നു. എന്നാല്‍ താരത്തിന്‍റെ തെരഞ്ഞെടുപ്പ് ശരിയാവട്ടേ. സെഞ്ചൂറിയന്‍ ടെസ്റ്റ് രഹാനെയ്‌ക്ക് വലിയ പരീക്ഷണമാവും' എന്നും സ്റ്റാര്‍ സ്‌‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ ആകാശ് ചോപ്ര പറഞ്ഞു.

ചോപ്രയെ പിന്തുണച്ച് അഗാര്‍ക്കര്‍

ചോപ്രയുടെ അഭിപ്രായത്തെ അനുകൂലിക്കുകയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റൊരു മുന്‍താരമായ അജിത് അഗാര്‍ക്കര്‍ ചെയ്‌തത്. 'പരിക്കുമൂലം മുംബൈ ടെസ്റ്റില്‍ രഹാനെയ്‌ക്ക് കളിക്കാനായിരുന്നില്ല. അതിനാല്‍ പരിചയസമ്പത്തുള്ള താരമെന്ന നിലയിലാണ് രഹാനെ പ്ലേയിംഗ് ഇലവനില്‍ മടങ്ങിയെത്തിയത് എന്നുപറയാം. വിദേശ പിച്ചുകളില്‍ മുമ്പ് മികച്ച പ്രകടനം അദേഹം പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ ആകാശ് ചോപ്രയുടെ അഭിപ്രായത്തോടൊപ്പം ചേരുന്നു. രഹാനെയ്‌ക്ക് പകരം വിഹാരിയെയോ ശ്രേയസിനെയോ ആണ് ഞാന്‍ പ്ലേയിംഗ് ഇലവനിലേക്ക് തെരഞ്ഞെടുക്കുക' എന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി. 

നാല് ബൗളര്‍മാര്‍ ധാരാളം: ചോപ്ര

സെഞ്ചൂറിയനില്‍ അഞ്ച് ബൗളര്‍മാരുമായാണ് ടീം ഇന്ത്യ കളിക്കുന്നത്. നാല് ബൗളര്‍മാര്‍ ധാരാളം എന്നാണ് വ്യക്തിപരമായ അഭിപ്രായം. പിച്ച് പേസര്‍മാരെ തുണയ്‌ക്കുന്നതാണെങ്കിലും എതിരാളികളുടെ ബാറ്റിംഗ് അത്ര മികച്ചതല്ലാത്തതിനാല്‍ നാല് ബൗളര്‍മാര്‍ ധാരാളം. മൂന്ന് പേസര്‍മാരും സ്‌പിന്നറായി രവിചന്ദ്ര അശ്വിനുമായിരുന്നു കളിക്കേണ്ടിയിരുന്നത് എന്ന് ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. 

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്യുകയായിരുന്നു. വിദേശ പിച്ചുകളിലെ മുന്‍ മികവ് രഹാനെയുടെ തുണയ്‌ക്കെത്തി.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

മികച്ച തുടക്കം, ഇരട്ട പ്രഹരം

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍ വിരാട് കോലിയുടെ പ്രതീക്ഷ കാക്കുന്ന തുടക്കം മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ഇന്ത്യക്ക് നല്‍കി. ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 83/0 എന്ന സുരക്ഷിത സ്‌കോര്‍ നേടിയ ഇന്ത്യയെ ഇരുവരും 100 കടത്തി. 123 പന്തില്‍ 60 റണ്‍സുമായി മായങ്കും ഗോള്‍ഡണ്‍ ഡക്കായി ചേതേശ്വര്‍ പൂജാരയും മടങ്ങി. എങ്കിടിക്കാണ് ഇരുവരുടേയും വിക്കറ്റ്. 41 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 118-2 എന്ന നിലയിലാണ് ഇന്ത്യ. കെ എല്‍ രാഹുലിനൊപ്പം(47*) വിരാട് കോലിയാണ്(1*) ക്രീസില്‍.

South Africa vs India : സെഞ്ചൂറിയന്‍ ടെസ്റ്റ്; ക്രീസിലെത്തും മുമ്പേ റെക്കോര്‍ഡിട്ട് വിരാട് കോലി!