സെഞ്ചുറിയനില്‍ ടോസ് നേടിയതോടെ ടെസ്റ്റ് കരിയറില്‍ ക്യാപ്റ്റന്‍ കോലിയുടെ 30-ാം ടോസ് വിജയമാണിത്
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ (South Africa vs India 1st Test) ക്രീസിലെത്തും മുമ്പേ ചരിത്രമെഴുതി ഇന്ത്യന്‍ (Team India) നായകന്‍ വിരാട് കോലി (Virat Kohli). സെഞ്ചൂറിയനില്‍ (SuperSport Park Centurion) ടോസ് നേടിയതോടെയാണ് കോലി നാഴികക്കല്ല് സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ടോസ് വിജയിക്കുന്ന ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡ് കോലിയുടെ പേരിലായി.
സെഞ്ചുറിയനില്‍ ടോസ് നേടിയതോടെ ടെസ്റ്റ് കരിയറില്‍ ക്യാപ്റ്റന്‍ കോലിയുടെ 30-ാം ടോസ് വിജയമാണിത്. 29 ടെസ്റ്റുകളില്‍ ടോസ് നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീനെയാണ് കോലി പിന്നിലാക്കിയത്. കോലി ടോസ് നേടിയ കഴിഞ്ഞ 29 ടെസ്റ്റുകളില്‍ 23 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു എന്നത് സെഞ്ചൂറിയനില്‍ ഇന്ത്യക്ക് പ്രതീക്ഷ കൂട്ടുന്നു.
സെഞ്ചൂറിയനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ നാല് പേരും പേസര്‍മാരാണ്. ഓള്‍റൗണ്ട് മികവ് കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തി. അതേസമയം സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് അവസരം നഷ്‌ടമായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ആര്‍ അശ്വിന്‍ ഏക സ്‌പിന്നറായി ടീമിലെത്തി.
ബാറ്റിംഗില്‍ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്‌തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയും സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിരാട് കോലിയുടെ പ്രതീക്ഷ കാക്കുന്ന തുടക്കമാണ് മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ഇന്ത്യക്ക് നല്‍കിയത്. ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 83/0 എന്ന സുരക്ഷിത സ്‌കോര്‍ നേടിയ ടീം ഇന്ത്യയെ ഓപ്പണര്‍മാര്‍ 100 കടത്തിക്കഴിഞ്ഞു. 89 പന്തില്‍ മായങ്ക് അഗര്‍വാള്‍ അര്‍ധ സെഞ്ചുറി തികച്ചു. 36ല്‍ നില്‍ക്കേ മായങ്കിനെ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡികോക്ക് കൈവിട്ടിരുന്നു.
