സെഞ്ചൂറിയന്‍ ടെസ്റ്റില്‍ കൗതുകമേറെയുണ്ട് ചേതേശ്വര്‍ പൂജാരയുടെ പുറത്താകലിന്. ഗോള്‍ഡണ്‍ ഡക്കായി മടങ്ങുന്നത് നാണക്കേടുമായി.
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള (South Africa vs India 1st Test) പ്ലേയിംഗ് ഇലവനില്‍ സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയെ (Cheteshwar Pujara) കണ്ടപ്പോള്‍ നെറ്റി ചുളിച്ചവരേറെ. സമീപകാലത്ത് മോശം ഫോമില്‍ വലയുന്ന താരത്തിന് സെഞ്ചൂറിയനില്‍ അവസരം നല്‍കുകയായിരുന്നു ഇന്ത്യ (Team India). എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ ഗോള്‍ഡണ്‍ ഡക്കായി (Golden duck) പൂജാര മടങ്ങി. അതും ടെസ്റ്റ് ചരിത്രത്തില്‍ ഒരു നാണക്കേടുമായി.
ടെസ്റ്റ് കരിയറില്‍ രണ്ടാം തവണയാണ് ചേതേശ്വര്‍ പൂജാര നേരിട്ട ആദ്യ പന്തില്‍ പുറത്താകുന്നത്. ആദ്യത്തെ പുറത്താകലും ദക്ഷിണാഫ്രിക്കയില്‍ സെഞ്ചൂറിയനില്‍ വച്ച് ലുങ്കി എന്‍ഗിഡിയോടായിരുന്നു എന്നതാണ് കൗതുകം. കഴിഞ്ഞ തവണ(2017/18) ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിനെത്തിയപ്പോള്‍ പൂജാരയെ എന്‍ഗിഡി റണ്ണൗട്ടാക്കുകയായിരുന്നു. ഇത്തവണയാവട്ടെ എന്‍ഗിഡിയുടെ പന്തില്‍ ഇന്‍സൈഡ് എഡ്‌ജായി ഷോര്‍ട് ലെഗില്‍ കീഗന്‍ പീറ്റേഴ്‌സന്‍റെ കൈകളില്‍ അവസാനിച്ചു. തൊട്ടുമുമ്പത്തെ പന്തില്‍ മായങ്ക് അഗര്‍വാളിനെ (60 റണ്‍സ്) നഷ്‌ടമായിരുന്ന ഇന്ത്യക്ക് പൂജാരയുടെ വിക്കറ്റ് ഇരട്ട പ്രഹരമായി.
2020-2021ലെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് ശേഷം 21 ഇന്നിംഗ്‌സില്‍ 23.90 ശരാശരിയില്‍ 478 റണ്‍സ് മാത്രമാണ് ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റ്സ്‌മാനായ ചേതേശ്വര്‍ പൂജാരയ്‌ക്കുള്ളത്. മൂന്ന് ഫിഫ്റ്റി ഇക്കാലയളവില്‍ കണ്ടെത്തിയെങ്കില്‍ ഒരു ശതകം പോലും രണ്ടാം വന്‍മതില്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന ബാറ്റര്‍ക്കില്ല. മൂന്ന് തവണ പൂജ്യത്തില്‍ പുറത്തായി. 2020 ഡിസംബറിന് ശേഷം പൂജാരയുടെ നാലാം ഡക്കാണ് സെഞ്ചൂറിയനില്‍ കണ്ടത്.
സീനിയര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം ചേതേശ്വര്‍ പൂജാരയ്‌ക്കും സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ടീം ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 57 ഓവര്‍ 157-2 പിന്നിടുമ്പോള്‍ എന്ന നിലയിലാണ്. പൂജാരയ്‌ക്ക് പുറമെ മായങ്ക് അഗര്‍വാളിനെയാണ് ഇന്ത്യക്ക് നഷ്‌ടമായത്. മായങ്കും സഹ ഓപ്പണര്‍ കെ എല്‍ രാഹുലും അര്‍ധ സെഞ്ചുറി കണ്ടെത്തി.
