ഒരു വിക്കറ്റിന് 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം തുടങ്ങിയത്. അഞ്ച് റൺസുമായി കെ എൽ രാഹുലും നാല് റൺസുമായി തലേന്നത്തെ നൈറ്റ് വാച്ച്‌മാന്‍ ഷർദ്ദുൽ ഠാക്കൂറുമായിരുന്നു ക്രീസിൽ. 

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ (South Africa vs India 1st Test) കൂറ്റന്‍ ലീഡ് തേടി നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ (Team India) ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 79-3 എന്ന സ്‌കോറില്‍. നായകന്‍ വിരാട് കോലിയും (Virat Kohli) 18*, ചേതേശ്വര്‍ പൂജാരയുമാണ് (Cheteshwar Pujara) 12* ക്രീസില്‍. ഇന്നലെ മായങ്ക് അഗര്‍വാളിനെ (Mayank Agarwal) നഷ്‌ടമായി എങ്കില്‍ ഇന്ന് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ (Shardul Thakur), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനില്‍ വീണത്. ഇന്ത്യക്ക് ആകെയിപ്പോള്‍ 209 റണ്‍സ് ലീഡായി. 

ഒരു വിക്കറ്റിന് 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം തുടങ്ങിയത്. അഞ്ച് റൺസുമായി കെ എൽ രാഹുലും നാല് റൺസുമായി തലേന്നത്തെ നൈറ്റ് വാച്ച്‌മാന്‍ ഷർദ്ദുൽ ഠാക്കൂറുമായിരുന്നു ക്രീസിൽ. എന്നാല്‍ വ്യക്തിഗത സ്‌കോറിലേക്ക് ആറ് റണ്‍സ് കൂടി ചേര്‍ത്തതും ഠാക്കൂറിനെ മുൾഡറുടെ കൈകളിലെത്തിച്ചു റബാഡ. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറിവീരന്‍ കെ എല്‍ രാഹുലിനും അധികം മുന്നോട്ടുപോകാനായില്ല. 74 പന്തില്‍ 23 റണ്‍സുമായി രാഹുലിനെ എന്‍ഗിഡി, എള്‍ഗാറിന്‍റെ കൈകളിലെത്തിച്ചു. 

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 327 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക മൂന്നാംദിനം 197ല്‍ പുറത്തായിരുന്നു. 16 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് പ്രോട്ടീസിനെ ഞെട്ടിച്ചത്. എയ്‌ഡൻ മർക്രാം, കീഗൻ പീറ്റേഴ്‌സൺ, തെംബ ബാവുമ, വിയാൻ മുൾഡർ, കാഗിസോ റബാഡ എന്നിവരെ ഷമി പുറത്താക്കി. ഇതോടെ ടെസ്റ്റിൽ 200 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ പേസറെന്ന നേട്ടം ഷമിക്ക് സ്വന്തമായി. 52 റണ്‍സ് നേടിയ തെംബാ ബാവുമയാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍. നായകന്‍ ഡീന്‍ എള്‍ഗാര്‍ ഒരു റണ്ണില്‍ മടങ്ങി. ഷര്‍ദ്ദുല്‍ ഠാക്കൂറും ജസ്‌പ്രീത് ബൂമ്രയും രണ്ടുവീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. 

ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ ഏഴാം ടെസ്റ്റ് ശതകത്തിന്‍റെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 327 റണ്‍സ് കുറിച്ചത്. രാഹുല്‍ 260 പന്തില്‍ 123 റണ്‍സ് നേടി. സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 60ഉം അജിങ്ക്യ രഹാനെ 48ഉം നായകന്‍ വിരാട് കോലി 35ഉം റണ്‍സെടുത്തു. ചേതേശ്വര്‍ പൂജാര ഗോള്‍ഡണ്‍ ഡക്കായി. ദക്ഷിണാഫ്രിക്കയ്‌ക്കായി എന്‍ഗിഡി ആറും റബാഡ മൂന്നും ജാന്‍സണ്‍ ഒന്നും വിക്കറ്റ് പിഴുതു. 

South Africa vs India : നാലാംദിനം ചില്ലറ ലക്ഷ്യങ്ങളല്ല; ടീം ഇന്ത്യയുടെ പദ്ധതികള്‍ വെളിപ്പെടുത്തി മുഹമ്മദ് ഷമി