Asianet News MalayalamAsianet News Malayalam

SA vs IND : ഠാക്കൂറിന്‍റെ മൂന്നടി, വാണ്ടറേഴ്‌സില്‍ ദക്ഷിണാഫ്രിക്ക പുളയുന്നു; പിടിമുറുക്കാന്‍ ഇന്ത്യ

ഇന്ന് കളി പുനരാരംഭിക്കുമ്പോള്‍ 11 റൺസുമായി നായകൻ ഡീൻ എൽഗാറും 14 റൺസുമായി കീഗൻ പീറ്റേഴ്‌സണുമായിരുന്നു ക്രീസിൽ

South Africa vs India 2nd Test SA struggling as Shardul Thakur takes three wicket in first session day 2
Author
Johannesburg, First Published Jan 4, 2022, 3:43 PM IST

ജൊഹന്നസ്‌ബര്‍ഗ്: വാണ്ടറേഴ്‌സിലെ രണ്ടാം ടെസ്റ്റില്‍ (South Africa vs India 2nd Test) ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക പ്രതിരോധത്തില്‍. ഒരു വിക്കറ്റിന് 35 റൺസ് എന്ന നിലയില്‍ രണ്ടാംദിനം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 102-4  എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. അക്കൗണ്ട് തുറക്കാതെ തെംബാ ബാവുമ (Temba Bavuma) ക്രീസിലുണ്ട്. 4.5 ഓവറില്‍ 8 റണ്ണിന് മൂന്ന് വിക്കറ്റുമായി ഷര്‍ദ്ദുല്‍ ഠാക്കൂറാണ് പ്രോട്ടീസിനെ ഇന്ന് വിറപ്പിച്ചത്. ആറ് വിക്കറ്റ് ശേഷിക്കേ ദക്ഷിണാഫ്രിക്ക ഇപ്പോഴും 100 റൺസ് പിന്നിലാണ്.

ഇന്ന് കളി പുനരാരംഭിക്കുമ്പോള്‍ 11 റൺസുമായി നായകൻ ഡീൻ എൽഗാറും 14 റൺസുമായി കീഗൻ പീറ്റേഴ്‌സണുമായിരുന്നു ക്രീസിൽ. നന്നായി തുടങ്ങിയെങ്കിലും എല്‍ഗാറിനെ ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യം നഷ്‌ടമായി. 120 പന്ത് പ്രതിരോധിച്ച് 28 റണ്‍സെടുത്ത താരത്തെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ കീഗൻ പീറ്റേഴ്‌സണെ(62) ഠാക്കൂര്‍ സ്ലിപ്പില്‍ മായങ്കിന്‍റെ കൈകളിലാക്കി. നാലാമനായെത്തിയ റാസീ വാന്‍ ഡെര്‍ ഡെസ്സനെയും(1) ഠാക്കൂര്‍ മടക്കിയതോടെ ദക്ഷിണാഫ്രിക്ക തകരുകയാണ്.  ഇന്നലെ എയ്‌ഡന്‍ മാര്‍ക്രമിനെ(7) ഷമി പുറത്താക്കിയിരുന്നു. 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 202 റൺസിന് പുറത്തായിരുന്നു. 50 റൺസെടുത്ത നായകൻ കെ എൽ രാഹുലാണ് ടോപ് സ്കോറർ. ചേതേശ്വർ പൂജാര മൂന്നും അജിങ്ക്യ രഹാനെ പൂജ്യത്തിനും പുറത്തായപ്പോള്‍ ഏഴാമനായിറങ്ങി 50 പന്തില്‍ 46 റണ്‍സെടുത്ത ആര്‍ അശ്വിന്‍റെ പ്രകടനം നിര്‍ണായകമായി. മായങ്ക് അഗര്‍വാള്‍(28), ഹനുമാ വിഹാരി(20), റിഷഭ് പന്ത്(17), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(0), മുഹമ്മദ് ഷമി(9), ജസ്‌പ്രീത് ബുമ്ര(14), മുഹമ്മദ് സിറാജ്(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. 

ആദ്യ ടെസ്റ്റിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. വാണ്ടറേഴ്‌സില്‍ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുയര്‍ത്താം. 

Worst DRS : ഏറ്റവും മോശം റിവ്യൂ! പന്ത് ബാറ്റില്‍, എന്നിട്ടും എല്‍ബിക്ക് ഡിആര്‍‌എസ് വിളിച്ച് ബംഗ്ലാദേശ്- വീഡിയോ

Follow Us:
Download App:
  • android
  • ios