റിഷഭിന്‍റെ അക്രമണോത്സുക ബാറ്റിംഗിനെ പ്രശംസിച്ച മഞ്ജരേക്കര്‍ താരത്തിന് നന്നായി പ്രതിരോധിച്ച് കളിക്കാനാകും എന്ന് വാദിക്കുന്നു

ജൊഹന്നസ്‌ബര്‍ഗ്: മോശം ഷോട്ട് സെലക്ഷന് വ്യാപക വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് (Rishabh Pant) പിന്തുണയുമായി മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ (Sanjay Manjrekar). റിഷഭിന്‍റെ അക്രമണോത്സുക ബാറ്റിംഗിനെ പ്രശംസിച്ച മഞ്ജരേക്കര്‍ താരത്തിന് നന്നായി പ്രതിരോധിച്ച് കളിക്കാനാകും എന്ന് വാദിക്കുന്നു. ജൊഹന്നസ്‌ബര്‍ഗ് ടെസ്റ്റിന്‍റെ (South Africa vs India 2nd Test) രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് പന്തുകള്‍ നേരിട്ട് പന്ത് വിക്കറ്റ് തുലച്ചതില്‍ വിമര്‍ശനം ശക്തമായിരുന്നു. 

പ്രശ്‌നമല്ല ഷോട്ട് ബോളുകള്‍

'ചെറിയ ടെസ്റ്റ് കരിയറിനിടെ രണ്ട് മഹത്തായ ഇന്നിംഗ്‌സുകള്‍ കളിച്ച താരമാണ് റിഷഭ് പന്ത്. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും എതിരെയായിരുന്നു ഇത്. ആ ഇന്നിംഗ്‌സുകളുടെ തുടക്കത്തില്‍ ഇത്തരം ഷോട്ടുകള്‍ കളിച്ചത് നാം കണ്ടതാണ്. ഇതാണ് റിഷഭിന്‍റെ ശൈലി. നന്നായി പ്രതിരോധിക്കാനും താരത്തിനറിയാം. ഷോട്ട് പിച്ച് ബോളുകള്‍ അയാള്‍ക്കൊരു പ്രശ്‌നമല്ല. ഇത് റിഷഭിന്‍റെ വളരെ സാഹസികമായ കളിയാണ്. വിസ്‌മയ ഫലങ്ങള്‍ ലഭിക്കുമ്പോള്‍, നിങ്ങളത് അംഗീകരിക്കുന്നുണ്ടെങ്കില്‍, ഇതും അംഗീകരിച്ചേ മതിയാകൂ, അദേഹത്തിന്‍റെ ബാറ്റിംഗ് ശൈലിയിലെ ഒരപകടം ഇതാണ്' എന്നും റിഷഭ് പന്തിന്‍റെ പുറത്താകലിനെ കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയില്‍ പറഞ്ഞു. 

വിമര്‍ശിച്ച് ഗാവസ്‌‌കറും ഗംഭീറും 

വാണ്ടറേഴ്‌സിലെ പുറത്താകലില്‍ റിഷഭ് പന്തിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 'ധീരതയും വിഡ്ഢിത്തവും തമ്മിൽ നേരിയ വ്യത്യസമാണുള്ളത്. പന്തിന്‍റെ ഷോട്ടുകളിൽ ഇപ്പോഴുള്ളത് വിഡ്ഢിത്തമാണെന്ന്' മുൻ ഓപ്പണർ ഗൗതം ഗംഭീർ കുറ്റപ്പെടുത്തി. ഉത്തരവാദിത്തം എന്തെന്നറിയാത്ത ബാറ്റർ എന്നായിരുന്നു സുനില്‍ ഗാവസ്‌കറുടെ വിമർശനം. 'സ്വാഭാവികശൈലിയിൽ കളിച്ച് പുറത്തായെന്ന ന്യായീകരണത്തിൽ കാര്യമില്ല. സാഹചര്യത്തിന് അനുസരിച്ചാണ് കളിക്കേണ്ടത്. വാണ്ടറേഴ്സിൽ പന്ത് പുറത്തായ രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെ'ന്നും ഗാവസ്‌കർ പറഞ്ഞു.

Howzat Legends League : സെവാഗും യുവിയും ഹര്‍ഭജനും വീണ്ടും ഒരു ടീമില്‍! വരുന്നു ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗ്