രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് നിരയില്‍ സായ് സുദര്‍ശനും ക്യാപ്റ്റൻ കെ എല്‍ രാഹുലും മാത്രമെ ഇന്ത്യക്കായി തിളങ്ങിയുള്ളു എന്നതിനാല്‍ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പാള്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ പാളിലെ ബോളണ്ട് പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി+ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. മൊബൈല്‍ വരിക്കാര്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാവും.
ആദ്യ മത്സരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് ജയവുമായി പരമ്പരയില്‍ ഒപ്പമെത്തി. നാളെ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് പരമ്പര സ്വന്തമാക്കാം എന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇത് ജീവന്‍മരണ പോരാട്ടമാണ്.
രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് നിരയില്‍ സായ് സുദര്‍ശനും ക്യാപ്റ്റൻ കെ എല്‍ രാഹുലും മാത്രമെ ഇന്ത്യക്കായി തിളങ്ങിയുള്ളു എന്നതിനാല്‍ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക്‌വാദും സായ് സുദര്‍ശനും തന്നെയാകും നാളെയും ഇറങ്ങുക. സായ് സുദര്‍ശന്‍ തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികളുമായി തിളങ്ങിയപ്പോള്‍ ലഭിച്ച രണ്ട് അവസരങ്ങളിലും റുതുരാജ് നിരാശപ്പെടുത്തി.
ശ്രേയസിന്‍റ അഭാവത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ തിലക് വര്‍മയും പരമ്പരയില്‍ ആദ്യമായി ബാറ്റിംഗിന് അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണും ഫിനിഷറായി അരങ്ങേറിയ റിങ്കു സിംഗും നിരാശപ്പെടുത്തിയതിനാല്‍ ഇവരിലൊരാള്‍ നാളെ പുറത്തായേക്കുമെന്നാണ് കരുതുന്നത്.
തിലക് വര്‍മക്കോ സഞ്ജുവിനോ പകരം രജത് പാട്ടീദാറിന് നാളെ അവസരം ലഭിച്ചേക്കും. ബൗളിംഗ് നിരയിലും നാളെ കാര്യമായ അഴിച്ചു പണി പ്രതീക്ഷിക്കുന്നു. കുല്‍ദീദ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും അദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്ന മുകേഷ് കുമാറിന് പകരം ആകാശ് ദീപും നാളെ ഇന്ത്യക്കായി ഇറങ്ങുമെന്നാണ് കരുതുന്നത്. അര്‍ഷ്ദീപ് സിംഗും, ആവേശ് ഖാനും ബൗളിംഗ് നിരയില്‍ തുടരും. ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും കളിക്കും.
ഇന്ത്യൻ ടീം ഇവരില്‍ നിന്ന്: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ്മ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, റിങ്കു സിംഗ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, അവേശ് ഖാൻ, മുകേഷ് കുമാർ, യുസ്‌വേന്ദ്ര ചാഹൽ, രജത് പാട്ടീദാർ, വാഷിംഗ്ടൺ സുന്ദർ , ആകാശ് ദീപ്.
